You are currently viewing ഇന്തോനേഷ്യൻ യാത്രാ ബോട്ടിൽ വൻ തീപിടിത്തം; അഞ്ചുപേർ മരിച്ചു, 41 പേരെ കാണാതായി

ഇന്തോനേഷ്യൻ യാത്രാ ബോട്ടിൽ വൻ തീപിടിത്തം; അഞ്ചുപേർ മരിച്ചു, 41 പേരെ കാണാതായി

ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയ്ക്ക് സമീപം മദുര ദ്വീപ് തീരത്ത് യാത്രക്കാരുമായി സഞ്ചരിച്ച കെഎംപി മുത്തിയാര സെന്തോസ 2 എന്ന യാത്രാ ബോട്ടിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. 225 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും 41 പേരെ കാണാതായതായി ഇന്തോനേഷ്യൻ ദേശീയ തിരച്ചിൽ-രക്ഷാപ്രവർത്തന ഏജൻസിയായ ബസാർനാസ് അറിയിച്ചു.

ഈസ്റ്റ് ജാവയിലെ സുരബായയിലെ തൻജുങ് പെരാക് തുറമുഖത്ത് നിന്ന് സൗത്ത് സുലവേസിയിലെ മകാസറിലേക്ക് പുറപ്പെട്ടിരുന്ന ഫെറിയിലാണ് അപകടമുണ്ടായത്. ഏകദേശം 40 മണിക്കൂർ ദൈർഘ്യമുള്ള പതിവ് അന്തർദ്വീപ് സർവീസായ ഈ യാത്രയിൽ 232 യാത്രക്കാരും 39 ജീവനക്കാരും ഉൾപ്പെടെ ആകെ 271 പേരും നിരവധി വാഹനങ്ങളും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.
പ്രാദേശിക സമയം രാവിലെ ആറിനും ഏഴിനും ഇടയിൽ സുമനെപ് മേഖലയിലെ കടൽപ്പരപ്പിൽ തീപിടിത്തമുണ്ടായതായി കപ്പൽ ക്യാപ്റ്റൻ കമ്പനിയെ അറിയിച്ചെങ്കിലും തുടർന്ന് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
പിന്നീട് സമീപത്തുണ്ടായിരുന്ന ചരക്കുകപ്പലിന്റെ സഹായത്തോടെ സപുദി ദ്വീപിന് വടക്കായി ഏകദേശം 19 നോട്ടിക്കൽ മൈൽ (35 കിലോമീറ്റർ) അകലെയായിരുന്നു തീപിടിച്ച ഫെറിയെ കണ്ടെത്തിയത്.

തീപിടിത്തം അതിവേഗം വ്യാപിച്ചതോടെ പല യാത്രക്കാരും ജീവൻ രക്ഷിക്കാൻ കടലിലേക്ക് ചാടുകയായിരുന്നു. ലൈഫ് ജാക്കറ്റുകൾ ധരിച്ച നിരവധി പേർ കപ്പലിന്റെ മുൻഭാഗത്തും ബ്രിഡ്ജ് ഭാഗത്തും അഭയം തേടിയ ദൃശ്യങ്ങൾ പുറത്തുവന്നു. കനത്ത കറുത്ത പുകയും തീയും ഫെറിയെ പൂർണമായും വിഴുങ്ങുന്ന സാഹചര്യമുണ്ടായതോടെ സമീപത്തുണ്ടായിരുന്ന നിരവധി വാണിജ്യ കപ്പലുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഫെറിയിൽ വാഹനങ്ങളും മറ്റ് കത്തുന്ന വസ്തുക്കളും ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി. സമീപത്തുണ്ടായിരുന്ന ഒരു ചരക്കുകപ്പലിലും തീപിടിക്കാവുന്ന ചരക്കുകൾ ഉണ്ടായിരുന്നതും വെല്ലുവിളിയായി. സുരബായയിൽ നിന്ന് പ്രത്യേക രക്ഷാകപ്പലും നാവികസേനയുടെ യുദ്ധക്കപ്പലും സംഭവസ്ഥലത്തേക്ക് തിരിച്ചു. എന്നാൽ കടൽക്ഷോഭം കാരണം ഒരു പ്രാദേശിക രക്ഷാബോട്ട് മടങ്ങേണ്ടിവന്നതായി അധികൃതർ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ദ്വീപുകൾ കൂടുതലുള്ള ഇന്തോനേഷ്യയിൽ ഫെറി സർവീസുകളാണ് പ്രധാന ഗതാഗത മാർഗങ്ങളിൽ ഒന്ന്. സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ കാരണം സമുദ്രാപകടങ്ങൾ ഇവിടെ പതിവായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

Leave a Reply