
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെയും പ്രകൃതിദുരന്ത സാധ്യതയുടെയും പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ സർക്കാർ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷണം മുതൽ കർഷകർക്ക് നഷ്ടപരിഹാരം വർധിപ്പിക്കുന്നത് വരെയുള്ള വിവിധ വിഷയങ്ങളിൽ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.

ചെറിയ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബിയും കേരള വാട്ടർ അതോറിറ്റിയും ദിവസവും രണ്ടുതവണ ജലനിരപ്പ് വിലയിരുത്തും. രാത്രി സമയങ്ങളിൽ അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് ജില്ലാ കളക്ടറുടെ പൂർണ അനുമതിയോടെയായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ഭീതി പരത്തുന്ന തരത്തിൽ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ പൊതുജനങ്ങൾ വിശ്വസിക്കാവൂ എന്നും അധികൃതർ അഭ്യർഥിച്ചു.
കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ കൃത്യവും ശാസ്ത്രീയവുമാക്കാൻ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) ഉൾപ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ‘ഡിസാസ്റ്റർ മാനേജ്‌മെന്റ് റെസിലിയൻസ് പ്രോഗ്രാം’ കൂടുതൽ ശക്തിപ്പെടുത്തും. ഇതിലൂടെ ദുരന്തസാധ്യതകൾ നേരത്തെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പുകൾ നൽകാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പ്രളയത്തിനും ജലക്കെട്ടിനും കാരണമാകുന്ന സാഹചര്യങ്ങൾ കുറയ്ക്കുന്നതിനായി നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. ജലപ്രവാഹം സുഗമമാക്കുന്നതിലൂടെ പ്രകൃതിദുരന്ത സാധ്യത കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ആശ്വാസമായി നഷ്ടപരിഹാരത്തുക വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്ന് സർക്കാർ അറിയിച്ചു. മഴക്കെടുതിയെ നേരിടാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രതിരോധ-രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.