You are currently viewing വലിയപറമ്പിൽ കടൽക്ഷോഭം: അടിയന്തര പ്രതിരോധത്തിന് ജിയോ ബാഗുകൾ; കടൽഭിത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം

വലിയപറമ്പിൽ കടൽക്ഷോഭം: അടിയന്തര പ്രതിരോധത്തിന് ജിയോ ബാഗുകൾ; കടൽഭിത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം

കാസർഗോഡ് വലിയപറമ്പിൽ രൂക്ഷമായി തുടരുന്ന കടൽക്ഷോഭത്തിന് അടിയന്തര പരിഹാരം കാണുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. തീരദേശത്തെ വീടുകളും വസ്തുവകകളും സംരക്ഷിക്കുന്നതിനായി അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദേശം നൽകിയതായി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ അറിയിച്ചു.

വലിയപറമ്പിലെ കടൽക്ഷോഭം സൃഷ്ടിക്കുന്ന ആശങ്കകൾ സംബന്ധിച്ച വസ്തുതകൾ മുഖ്യമന്ത്രിയെ നേരിൽ ധരിപ്പിച്ച് നിവേദനം സമർപ്പിച്ചതിന് പിന്നാലെയാണ് അടിയന്തര നടപടികൾക്ക് തീരുമാനമായതെന്ന് എംഎൽഎ പറഞ്ഞു.

അടിയന്തര പ്രതിരോധ നടപടിയുടെ ഭാഗമായി, കടൽക്ഷോഭം നേരിടുന്ന തീരപ്രദേശങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിച്ച് വീടുകൾക്കും മറ്റ് വസ്തുവകകൾക്കും സുരക്ഷ ഉറപ്പാക്കാനാണ് നിർദേശം. കടലാക്രമണം തടയുന്നതിനുള്ള താൽക്കാലിക പ്രതിരോധ സംവിധാനമായാണ് ജിയോ ബാഗുകൾ സ്ഥാപിക്കുക.

അതേസമയം, പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കടൽഭിത്തി നിർമ്മിക്കുന്നതിനുള്ള വിശദമായ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം തുടർനടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം.

വലിയപറമ്പിലെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് പ്രഥമ പരിഗണനയെന്ന് സന്ദീപ് വാര്യർ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിച്ച് പൂർത്തിയാക്കുന്നതിനാവശ്യമായ തുടർനടപടികൾ കൃത്യമായി വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply