You are currently viewing വടകര എംഡിഎംഎ കേസ്: ‘താൻ തെറ്റൊന്നും ചെയ്തിട്ടില്ല’; ആരോപണങ്ങൾ നിഷേധിച്ച് അധ്യാപിക കീർത്തന

വടകര എംഡിഎംഎ കേസ്: ‘താൻ തെറ്റൊന്നും ചെയ്തിട്ടില്ല’; ആരോപണങ്ങൾ നിഷേധിച്ച് അധ്യാപിക കീർത്തന

വടകര: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക കെ.സി. കീർത്തന തനിക്കെതിരായ അന്വേഷണസംഘത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചു. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ആർക്കും എംഡിഎംഎ കൈമാറിയിട്ടില്ലെന്നും കീർത്തന കോടതി പരിസരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

താൻ ഒരു അധ്യാപികയും ആൺകുട്ടിയുടെ അമ്മയുമാണെന്നും അന്വേഷണസംഘം ആരോപിക്കുന്ന കാര്യങ്ങൾ സത്യമല്ലെന്നും കീർത്തന വ്യക്തമാക്കി. തന്റെ ബാങ്ക് അക്കൗണ്ടിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ യഥാർഥ വസ്തുത പുറത്തുവരുമെന്നും അക്കൗണ്ടിൽ ലോൺ അടവുമായി ബന്ധപ്പെട്ട ഇടപാടുകൾ മാത്രമാണുള്ളതെന്നും അവർ അവകാശപ്പെട്ടു.

അതേസമയം, ലഹരി സംഘങ്ങൾക്ക് ക്യുആർ കോഡ് അയച്ചുനൽകുകയും ബാങ്ക് അക്കൗണ്ട് വഴി പണമിടപാടുകൾ നടത്തുകയും ചെയ്തെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതെന്നാണ് വിവരം.

കീർത്തനയെ വടകര എൻഡിപിഎസ് കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി വരെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

കീർത്തനയിൽനിന്ന് എംഡിഎംഎ കണ്ടെടുത്തിട്ടില്ലെന്നും കേസുമായി ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ കേസിൽ കൂടുതൽ അന്വേഷണം ആവശ്യമായതിനാലാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.

കേസിൽ റിമാൻഡിലുള്ള മറ്റ് അധ്യാപികമാരായ കാവ്യ, നീഷ്മ, ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസ് എന്നിവരെയും കീർത്തനയെയും ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

ഇതിനായി പ്രതികളുടെ ഫോൺ കോളുകൾ, ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചുവരികയാണ്. കേസിലെ ലഹരി ഇടപാടുകളുടെ ശൃംഖലയും പ്രതികൾ തമ്മിലുള്ള ബന്ധവും കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ പ്രധാന ലക്ഷ്യം.

Leave a Reply