
ആലുവ: അതിതീവ്ര മഴയെ തുടർന്നുണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആലുവ നിയോജകമണ്ഡലം പൂർണ സജ്ജമാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി.

പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ആലുവ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തര അവലോകന യോഗം ചേർന്നു.
2018ലെ മഹാപ്രളയത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അന്ന് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ച സ്ഥാപനങ്ങളും കെട്ടിടങ്ങളും വീണ്ടും അടിയന്തര ആവശ്യങ്ങൾക്കായി സജ്ജമാക്കാൻ ബന്ധപ്പെട്ടവർക്ക് മുൻകൂട്ടി നിർദേശം നൽകി.
വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ അനുയോജ്യമായ കേന്ദ്രങ്ങൾ മുൻകൂട്ടി കണ്ടെത്താനും യോഗത്തിൽ തീരുമാനമായി. റവന്യൂ, പൊലീസ്, ഇറിഗേഷൻ ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക.
തോടുകളിലും പുഴകളിലും നീരൊഴുക്ക് സുഗമമാക്കുന്നതിനായി മേജർ, മൈനർ ഇറിഗേഷൻ വിഭാഗങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കും. വെള്ളപ്പൊക്കമുണ്ടായാൽ ജനങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും വിവിധ വകുപ്പുകൾ സജ്ജമായിരിക്കണമെന്നും യോഗം നിർദേശിച്ചു.
അപകടാവസ്ഥയിലുള്ള മരങ്ങൾ കണ്ടെത്തി മുറിച്ചുമാറ്റുന്നതിനും അടിയന്തര നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകൾക്കായി അനുയോജ്യമായ സ്ഥലങ്ങൾ നേരത്തെ കണ്ടെത്തി ആവശ്യമായ ഒരുക്കങ്ങൾ നടത്താനും തീരുമാനിച്ചു.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി സമാനമായ ഏകോപന യോഗങ്ങൾ ഉടൻ വിളിച്ചുചേർക്കാനും യോഗത്തിൽ തീരുമാനമായി. മഴക്കെടുതി നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.