
പാലക്കാട്: ദേശീയപാത 544-ലെ വിവിധ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയപാതയിലെ യാത്രക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി കെ. രാധാകൃഷ്ണൻ അറിയിച്ചു.
സ്വാതി ജംഗ്ഷൻ, വാണിയമ്പാറ മേൽപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് എംപി ആവശ്യപ്പെട്ടു. വടക്കഞ്ചേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയപാതയിലെ സർവീസ് റോഡുകളുടെ നിർമാണം, ആവശ്യമായ സ്ഥലങ്ങളിൽ ബസ് ബേകൾ സ്ഥാപിക്കൽ, വിവിധയിടങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണൽ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങളും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ദേശീയപാത 544-ലെ വിവിധ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കർശന നിർദേശം നൽകുമെന്ന് നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി കെ. രാധാകൃഷ്ണൻ അറിയിച്ചു. ദേശീയപാതയിലെ യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.