You are currently viewing എം.ടി. വാസുദേവൻ നായരുടെ പേരിൽ രാജ്യത്തെ ഏറ്റവും വിശാലമായ സാംസ്കാരിക പാർക്ക്; 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്

എം.ടി. വാസുദേവൻ നായരുടെ പേരിൽ രാജ്യത്തെ ഏറ്റവും വിശാലമായ സാംസ്കാരിക പാർക്ക്; 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി. വാസുദേവൻ നായരുടെ പേരിൽ രാജ്യത്തെ ഏറ്റവും വിശാലമായ സാംസ്കാരിക പാർക്ക് കോഴിക്കോട്ട് സ്ഥാപിക്കുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. എം.ടി.യുടെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേവലം ഒരു സ്മാരകമെന്ന നിലയിലല്ല, സാഹിത്യം, കല, സിനിമ തുടങ്ങിയ മേഖലകളിലെ പഠന-ഗവേഷണങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും വേദിയാകുന്ന സമഗ്ര വിജ്ഞാനകേന്ദ്രമായിരിക്കും ഈ പാർക്ക്.

ചരിത്ര-സാഹിത്യ മ്യൂസിയം, വിശാലമായ ലൈബ്രറി, ബുക്ക് ഷോപ്പ്, ആർട്ട് ഗ്യാലറി, സിനിമാ തിയേറ്റർ, എഴുത്തുകാരുടെ ശബ്ദ മ്യൂസിയം എന്നിവയ്ക്കൊപ്പം ഷോർട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയും ശിൽപ്പശാലകൾക്കുള്ള സംവിധാനങ്ങളും പാർക്കിൽ ഒരുക്കും. വിദേശത്തുനിന്ന് എത്തുന്ന എഴുത്തുകാർക്കും ചലച്ചിത്ര പ്രവർത്തകർക്കും താമസിക്കാനായി ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഫുഡ് കോർട്ടും ഉൾപ്പെടെയുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ചരിത്രം, സാഹിത്യം, സംസ്കാരം എന്നിവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വിജ്ഞാനകേന്ദ്രമായിരിക്കും എം.ടി.യുടെ പേരിലുള്ള സാംസ്കാരിക പാർക്കെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ഈ മാതൃകയിൽ ആദ്യമായി യാഥാർഥ്യമാകുന്ന പദ്ധതിയായിരിക്കും കോഴിക്കോട്ടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്പായിയുടെ പേരിലുള്ള അക്കാദമിയും ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കുമെന്നും ഇതിനും എം.ടി. സാംസ്കാരിക പാർക്കിനും ആവശ്യമായ സ്ഥലം കണ്ടെത്താൻ കോഴിക്കോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

എം.എൽ.എമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. കെ. പ്രവീൺകുമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എം.ടി.യുടെ വസതിയിലെത്തിയ മന്ത്രിയെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതി നായരും മുൻമന്ത്രി എം.കെ. മുനീറും ചേർന്ന് സ്വീകരിച്ചു.

Leave a Reply