
കോട്ടയം: കോട്ടയം ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ നിയമസഭാ സ്പീക്കർ, കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി കൂടിയായ കടുത്തുരുത്തി എംഎൽഎ അഡ്വ. മോൻസ് ജോസഫ്, ജില്ലയിലെ മറ്റ് എംഎൽഎമാർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, വിവിധ തഹസിൽദാർമാർ, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ മേധാവികൾ എന്നിവർ പങ്കെടുത്തു.

യോഗത്തിൽ വൈക്കം എംഎൽഎ ബിനുമോൻ കുഞ്ഞുമാണി, വൈക്കം നിയോജകമണ്ഡലത്തിലെ നിലവിലെ സാഹചര്യം വിശദീകരിച്ചു. മണ്ഡലത്തിലെ 19 ദുരിതാശ്വാസ ക്യാമ്പുകളും നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ക്യാമ്പുകളിൽ നേരിടുന്ന വിവിധ പ്രതിസന്ധികൾ അദ്ദേഹം യോഗത്തിൽ അവതരിപ്പിച്ചു.
പാചകവാതകത്തിന്റെ ലഭ്യതക്കുറവ്, മറ്റ് അവശ്യവസ്തുക്കളുടെ വിതരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കൂടാതെ, മണ്ഡലത്തിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിലെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനും ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ബിനുമോൻ കുഞ്ഞുമാണി എംഎൽഎ വ്യക്തമാക്കി.