You are currently viewing കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കും: മന്ത്രി അബ്ദുൽ ഗഫൂർ

കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കും: മന്ത്രി അബ്ദുൽ ഗഫൂർ

തിരുവനന്തപുരം: മുതലപ്പൊഴി, കൊല്ലം നീണ്ടകര മേഖലകളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ വിവിധ ഏജൻസികളുടെ ഏകോപനത്തോടെ ഊർജിതമായി തുടരുകയാണെന്ന് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ അറിയിച്ചു.

ഫിഷറീസ് വകുപ്പ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് വിംഗ് തുടങ്ങിയ സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ് തെരച്ചിൽ നടത്തുന്നത്.

വിഴിഞ്ഞം–മുതലപ്പൊഴി മേഖലയിൽ ഓഗസ്റ്റ് ഏഴിന് കോസ്റ്റ് ഗാർഡ് കപ്പൽ, ഡോണിയർ വിമാനം, ഫിഷറീസ് വകുപ്പിന്റെ ധീര റെസ്‌ക്യൂ ബോട്ട്, മറൈൻ ആംബുലൻസ് എന്നിവ ഉപയോഗിച്ച് കന്യാകുമാരി, കൊളച്ചൽ, തേങ്ങാപട്ടണം, മുട്ടം, ഇനയം തുടങ്ങിയ മേഖലകളിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു.

തെരച്ചിൽ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളിൽ നിന്ന് തെരഞ്ഞെടുത്ത 30 സീ റെസ്‌ക്യൂ സ്‌ക്വാഡുകളെയും രക്ഷാപ്രവർത്തനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഓഗസ്റ്റ് എട്ടിന് കോസ്റ്റ് ഗാർഡ് കപ്പൽ, എ.എൽ.എച്ച് ഹെലികോപ്റ്റർ, ധീര റെസ്‌ക്യൂ ബോട്ട്, മറൈൻ ആംബുലൻസുകൾ എന്നിവ ഉപയോഗിച്ച് വിഴിഞ്ഞത്തിന് തെക്ക് തമിഴ്നാട് തീരമേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തെരച്ചിൽ തുടരും.

അതേസമയം, കൊല്ലം നീണ്ടകരയിൽ ജൂലൈ 31ന് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിലും തുടരുകയാണ്. കടലിലും കായലിലും ഫിഷറീസ് പട്രോൾ ബോട്ട്, മത്സ്യബന്ധന വള്ളങ്ങൾ, ലൈഫ് ഗാർഡുകൾ, കോസ്റ്റൽ പൊലീസ്, ഡ്രോൺ, കോസ്റ്റ് ഗാർഡ് കപ്പൽ, ഡോണിയർ വിമാനം തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.

പ്രതികൂല കാലാവസ്ഥയും ശക്തമായ അടിയൊഴുക്കും ഉൾപ്പെടെയുള്ള വെല്ലുവിളികൾ തെരച്ചിൽ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെങ്കിലും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതുവരെ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

കാണാതായവരുടെ കുടുംബങ്ങളുടെ ആശങ്കയും വേദനയും സർക്കാരിന് പൂർണമായി ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply