You are currently viewing എൻഡോസൾഫാൻ ദുരിതബാധിതർക്കായി 14.40 കോടി രൂപയുടെ ‘സ്നേഹസാന്ത്വനം’ പാക്കേജ്

എൻഡോസൾഫാൻ ദുരിതബാധിതർക്കായി 14.40 കോടി രൂപയുടെ ‘സ്നേഹസാന്ത്വനം’ പാക്കേജ്

കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പാക്കുന്ന സമഗ്ര പാക്കേജായ ‘സ്നേഹസാന്ത്വനം’ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി സർക്കാർ. 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചത്.

എൻഡോസൾഫാൻ ദുരിതബാധിതർ ഇനിയും അവഗണിക്കപ്പെടേണ്ടവരല്ലെന്നും അവർക്ക് നൽകിയ വാഗ്ദാനം യു.ഡി.എഫ് സർക്കാർ പാലിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.

അനുവദിച്ച തുകയുടെ പ്രധാന ഭാഗം ദുരിതബാധിതർക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് വിനിയോഗിക്കുക. നിലവിൽ ധനസഹായം ലഭിക്കുന്ന 5,208 എൻഡോസൾഫാൻ ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മുതൽ 2027 മാർച്ച് വരെയുള്ള പ്രതിമാസ ആശ്വാസധനസഹായത്തിനായി 9,84,31,200 രൂപ വകയിരുത്തി.

പുതുതായി പട്ടികയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കൾക്കായി 2,64,00,000 രൂപയും മാറ്റിവച്ചിട്ടുണ്ട്. ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയർ ഗിവേഴ്സിന് പ്രതിമാസ ധനസഹായം നൽകുന്ന ‘ആശ്വാസകിരണം’ പദ്ധതിക്കായി 64,76,400 രൂപയും അനുവദിച്ചു.

ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2026-27 അധ്യയന വർഷത്തിൽ 400 കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി 10,05,000 രൂപയും അനുവദിച്ചിട്ടുണ്ട്.

കൂടാതെ, പ്രദേശത്തെ 10 മാതൃകാ ചൈൽഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപ ചെലവഴിക്കും. എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമവും പുനരധിവാസവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് ‘സ്നേഹസാന്ത്വനം’ പദ്ധതിയിലൂടെ സർക്കാർ ഊന്നൽ നൽകുന്നത്.

Leave a Reply