
കാസർകോട്: കെ.എസ്.ആർ.ടി.സി. ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ ശ്രമിച്ച സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പിനും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞദിവസം വൈകുന്നേരം 5.30-ഓടെ കാനത്തൂർ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. എൺപതോളം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് തകരാറിലായതോടെ യാത്രക്കാർ വഴിയിൽ കുടുങ്ങുകയായിരുന്നു.
ബസിലുണ്ടായിരുന്ന സ്കൂൾ വിദ്യാർഥികൾക്കും നിരവധി ദീർഘദൂര സ്ത്രീയാത്രക്കാർക്കും യാത്ര തുടരാൻ സ്വകാര്യ ബസിനെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടായി. തുടർന്ന് സമീപത്തെ സ്വകാര്യ ബസിൽ കയറാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് വിവേചനപരമായ പെരുമാറ്റമുണ്ടായതെന്നാണ് പരാതി.
സ്ത്രീയാത്രക്കാരോട് കാണിച്ച പെരുമാറ്റത്തിൽ പ്രതിഷേധിച്ചാണ് മോട്ടോർ വാഹന വകുപ്പിനും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.