
തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിൻ, വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോൺ മത്യാസ്, കൊല്ലം നീണ്ടകരയിൽ നിന്ന് കാണാതായ ഗൗതം എന്നിവർക്കായി ആഗസ്റ്റ് 8ന് തെരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വിവിധ വകുപ്പുകളുടെയും സേനകളുടെയും ഏകോപനത്തോടെയാണ് കടലിലും കായലിലും വ്യാപക തെരച്ചിൽ നടത്തിയത്.

മുതലപ്പൊഴി:
ഷിജിനായി രാവിലെ 7.40 മുതൽ മറൈൻ ആംബുലൻസ്, കോസ്റ്റൽ പോലീസ്, ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാർഡ് എന്നിവയുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി. വിഴിഞ്ഞം ഹാർബറിൽ നിന്ന് തെരച്ചിൽ വള്ളവും പുറപ്പെട്ടു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും തെരച്ചിലിൽ പങ്കെടുത്തു.
ബന്ധുക്കളുടെ അഭ്യർത്ഥനയെ തുടർന്ന് വിഴിഞ്ഞത്തുനിന്നുള്ള നാല് അംഗ സ്കൂബ ടീമും നാല് തദ്ദേശവാസികളും തെരച്ചിലിൽ പങ്കാളികളായി. ഏകദേശം ഒന്നര മണിക്കൂർ നടത്തിയ സ്കൂബ തെരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് അവസാനിപ്പിക്കേണ്ടിവന്നു. പോലീസ് ബോട്ടും ഫിഷറീസ് വകുപ്പിന്റെ വള്ളവും തെരച്ചിൽ തുടരുകയാണ്.
വിഴിഞ്ഞം:
ജോൺ മത്യാസിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘അനഘ്’ വിഴിഞ്ഞം മുതൽ കന്യാകുമാരി വരെ തെരച്ചിൽ നടത്തി. കൊച്ചിയിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് ഡോണിയർ വിമാനം ഉച്ചയ്ക്ക് 2.30 മുതൽ കന്യാകുമാരി വരെയുള്ള മേഖലയിൽ വ്യോമ തെരച്ചിലും നടത്തി.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ രാമനാഥപുരം റെസ്ക്യൂ വള്ളം ധീരമുട്ടം, ഇനിയം, തേങ്ങാപ്പട്ടണം മേഖലകളിലും തെരച്ചിൽ നടത്തി. രാമേശ്വരം മേഖലയിലും വ്യോമ തെരച്ചിൽ നടത്തുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടർ മുഖേനയും ചെന്നൈ കോസ്റ്റ് ഗാർഡ് മുഖേനയും സ്വീകരിച്ചിട്ടുണ്ട്.
നീണ്ടകര:
ഗൗതമിനായുള്ള തെരച്ചിൽ രാവിലെ 6.30ന് ആരംഭിച്ചു. ഫിഷറീസ് വകുപ്പിലെ 12 ലൈഫ് ഗാർഡുകൾ, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ, ഗൗതമിന്റെ ബന്ധുക്കൾ എന്നിവർ ചേർന്ന് സ്പീഡ് ബോട്ട്, വാടക ബോട്ട്, ഫൈബർ വള്ളം എന്നിവ ഉപയോഗിച്ച് കടലിലും കായലിലും പരിശോധന നടത്തി.
വള്ളം മറിഞ്ഞ കടൽഭാഗത്തും സമീപപ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി. വള്ളം മറിഞ്ഞ സ്ഥലത്തുനിന്ന് അഴിമുഖം വരെ ആങ്കർ ഉപയോഗിച്ചും പരിശോധന നടത്തി. സെന്റ് തോമസ് ഐലൻഡ്, ഫാത്തിമ തുരുത്ത്, കണക്കൻ തുരുത്ത്, പുത്തൻ തുരുത്ത്, കല്ലുംപുറം തുരുത്ത്, ചീക്കൻ തുരുത്ത്, മറിയാമ്മത്തോട്, വളത്തുരുത്ത്, തെക്കുംഭാഗം, ദളവാപുരം, മുക്കാട്, കുരീപ്പുഴ, സാമ്പ്രാണിക്കോടി ബൈപ്പാസ് പാലം, ദളവാപുരം–പള്ളിക്കോടി പാലം തുടങ്ങിയ കായൽ മേഖലകളിലും സമീപ പ്രദേശങ്ങളിലും തെരച്ചിൽ നടത്തി. കായലിലെ തെരച്ചിൽ വൈകുന്നേരം നാലിന് അവസാനിപ്പിച്ചു.
പുലിമുട്ടിലെ പാറക്കെട്ടുകൾ, വാർഫ് തുടങ്ങിയ പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തി. കടലിലെ തെരച്ചിൽ പ്രവർത്തനങ്ങൾ തുടരുകയാണ്.
മൂന്ന് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തുന്നതിനായി സാധ്യമായ എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ തുടരുന്നതായി അധികൃതർ അറിയിച്ചു.