
കൊച്ചി: കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ സാധ്യതകൾ ചർച്ച ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശനും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും തമ്മിൽ കൊച്ചിയിൽ ഉന്നതതല കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

വിദ്യാഭ്യാസം, നവീകരണം, ടൂറിസം, സംസ്കാരം, തുറമുഖ വികസനം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ കേരള–യുഎസ് സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളാണ് പ്രധാനമായും ചർച്ച ചെയ്തത്.
വിദ്യാഭ്യാസ–നവീകരണ മേഖലയിൽ യുഎസിലെയും കേരളത്തിലെയും സർവകലാശാലകൾ തമ്മിലുള്ള സംയുക്ത ഗവേഷണം, അക്കാദമിക് പങ്കാളിത്തം, വിദ്യാർഥി–അധ്യാപക കൈമാറ്റ പദ്ധതികൾ എന്നിവ കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നു.
ടൂറിസം–സാംസ്കാരിക മേഖലയിൽ വെൽനെസ് ടൂറിസത്തിനും ആയുർവേദ ടൂറിസത്തിനും കൂടുതൽ പ്രചാരം നൽകുന്നതിനൊപ്പം കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ ബന്ധം സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും പരിഗണിച്ചു.
തുറമുഖ–മാരിടൈം ലോജിസ്റ്റിക്സ് മേഖലയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവ കേന്ദ്രീകരിച്ച് നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ നൽകി. കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഗ്രീൻ ബങ്കറിംഗ്, വിതരണ ശൃംഖല തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളാണ് ചർച്ചയായത്.
അമേരിക്കയിൽ പ്രത്യേക ‘യുഎസ് ഇൻവെസ്റ്റ് ഡെസ്ക്’ സ്ഥാപിക്കുന്നതും യോഗത്തിൽ പരിഗണിച്ചു. സാധ്യതയുള്ള നിക്ഷേപകരെ കേരളവുമായി ബന്ധിപ്പിക്കുക, യുഎസ് കമ്പനികൾക്ക് ആവശ്യമായ പിന്തുണ നൽകുക, അമേരിക്കയിലെ മലയാളി പ്രവാസി സമൂഹവുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കുക എന്നിവയാണ് ഡെസ്കിന്റെ ലക്ഷ്യം.
ചർച്ച ചെയ്ത പദ്ധതികളും ആശയങ്ങളും സജീവവും ദീർഘകാലവുമായ പങ്കാളിത്തങ്ങളാക്കി മാറ്റുന്നതിൽ ഇരുപക്ഷവും താൽപര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.