
വാഷിങ്ടൺ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആഗോള ഊർജവിതരണത്തിൽ ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം ഗണ്യമായി കുറയുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. നിലവിൽ കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണയുടെ 50 മുതൽ 70 ശതമാനം വരെ ഭൂഗർഭ പൈപ്പ്ലൈൻ സംവിധാനങ്ങളിലേക്ക് മാറ്റപ്പെടുമെന്നും ഇതോടെ ഹോർമുസ് കടലിടുക്ക് ഊർജ ഗതാഗതത്തിലെ പ്രധാന ‘ചോക്ക് പോയിന്റ്’ എന്ന നിലയിൽ അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിദിനം ഏകദേശം 2 കോടി ബാരൽ എണ്ണയാണ് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നത്. ഇത് ആഗോള എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനത്തിന് തുല്യമാണ്. ഇറാൻ നേരത്തെയും സംഘർഷ സാഹചര്യങ്ങളിൽ കടലിടുക്കിനെ സമ്മർദമുണ്ടാക്കുന്നതിനുള്ള തന്ത്രപ്രധാന കേന്ദ്രമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ബെസന്റ് ചൂണ്ടിക്കാട്ടി.
കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ പൈപ്പ്ലൈൻ ശൃംഖല വിപുലീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. സൗദി അറേബ്യയുടെ ഈസ്റ്റ്–വെസ്റ്റ് പൈപ്പ്ലൈൻ, യുഎഇയിലെ ഹബ്ഷാൻ–ഫുജൈറ പൈപ്പ്ലൈൻ എന്നിവ ഇതിനകം ഹോർമുസ് കടലിടുക്കിനെ ഭാഗികമായി മറികടന്ന് എണ്ണ കയറ്റുമതി സാധ്യമാക്കുന്നുണ്ട്. കൂടുതൽ ഗൾഫ് എണ്ണ കടലിടുക്ക് ഒഴിവാക്കി വിപണിയിലെത്തിക്കുന്നതിനായി ഈ സംവിധാനങ്ങളുടെ ശേഷി വർധിപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് തുറന്നുവെക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ അമേരിക്കയും ഇറാനും നടത്തിയിരുന്ന ചർച്ചകളിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ബെസന്റിന്റെ പുതിയ പരാമർശത്തിൽ പ്രതിഫലിക്കുന്നത്. ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഹോർമുസ് വഴിയുള്ള ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.