
കോട്ടയം:വാഴൂർ റോഡിൽ കുരിശുംമൂടിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. വൈദ്യുതലൈനുകളും പൊട്ടി കാറിന് മുകളിലേക്ക് വീണതോടെ അപകടസാധ്യത വർധിച്ചു. കാറിലുണ്ടായിരുന്ന അച്ഛനും നാല് മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ജോർജ് ജോസഫും മക്കളായ മൈക്കിൾ (10), മിറിയം (8), മാർത്ത (6), ഒന്നര വയസ്സുകാരൻ മാർക്കസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകടസമയത്ത് മനഃസാന്നിധ്യം കൈവിടാതെ ജോർജ് ആദ്യം വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് നാട്ടുകാരോട് ആവശ്യപ്പെട്ടു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് കുട്ടികളെ സുരക്ഷിതമായി കാറിൽ നിന്ന് പുറത്തേക്ക് എത്തിച്ചത്. തുടർന്ന് പാസഞ്ചർ ഡോർ ചവിട്ടിത്തുറന്ന് ജോർജും പുറത്തിറങ്ങി.
കാറിന്റെ മുകളിലേക്ക് മരം വീഴുമ്പോൾ ജോർജിന്റെ ഭാര്യ അന്ന സാധനം വാങ്ങുന്നതിനായി സമീപത്തെ കടയിൽ കയറിയിരിക്കുകയായിരുന്നു. അപകടത്തിൽ കാർ തകർന്ന നിലയിലായിരുന്നെങ്കിലും ഭർത്താവും മക്കളും സുരക്ഷിതരായി രക്ഷപ്പെട്ടത് വലിയ ആശ്വാസമായി.
നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും കെഎസ്ഇബിയുടെയും സമയോചിതമായ ഇടപെടലാണ് രക്ഷാപ്രവർത്തനം സുരക്ഷിതമായി പൂർത്തിയാക്കാൻ സഹായിച്ചത്.