You are currently viewing നീറ്റ് പ്രതിഷേധം: വിവാദ പരാമർശം; ആർ.എസ്.എസ്. നേതാവ് ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ

നീറ്റ് പ്രതിഷേധം: വിവാദ പരാമർശം; ആർ.എസ്.എസ്. നേതാവ് ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികളെയും യുവതികളെയും അധിക്ഷേപിക്കുകയും വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന പരാതിയിൽ ആർ.എസ്.എസ്. നേതാവും ബി.ജെ.പി. മുൻ സംസ്ഥാന ബൗദ്ധിക സെൽ കൺവീനറുമായ ടി.ജി. മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി മട്ടാഞ്ചേരി കൂവപ്പാടത്തെ വീട്ടിൽ നിന്നാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ വെടിവെക്കണമെന്നും സമരത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിന് ഇരയായാൽ പരാതിപ്പെടില്ലെന്നുമുള്ള തരത്തിലുള്ള പരാമർശങ്ങൾ തന്റെ ‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്.

കലാപാഹ്വാനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് 11-ാം ദിവസമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ ഡിജിറ്റൽ ഉപകരണങ്ങളും കമ്പ്യൂട്ടറും പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply