
ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ കുട്ടനാട്ടിലെ ജനങ്ങൾക്ക് സഹായവുമായി എസ്എൻഡിപി യോഗം. മഴക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവരും വീടുകളിൽ വെള്ളം കയറി ദുരിതത്തിലായവരും ആശങ്കപ്പെടേണ്ടതില്ലെന്നും കണിച്ചുകുളങ്ങരയിലേക്ക് ധൈര്യമായി എത്താമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.

ദുരിതബാധിതർക്കായി ദിവസങ്ങൾക്ക് മുൻപ് തന്നെ കണിച്ചുകുളങ്ങരയിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതായി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളെ നേരിട്ട് സന്ദർശിച്ച് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും പുതിയ വസ്ത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ചിക്കരമുറികളിൽ നിലവിൽ അൻപതോളം പേരാണ് കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പ് എന്നതിലുപരി സ്വന്തം വീടുപോലെ കഴിയാൻ കഴിയുന്ന രീതിയിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവരോ വെള്ളം കയറി ബുദ്ധിമുട്ടുന്നവരോ ആരും ആശങ്കപ്പെടേണ്ടതില്ല. എപ്പോൾ വേണമെങ്കിലും കണിച്ചുകുളങ്ങരയിലേക്ക് എത്താം. ദുരിതബാധിതരായല്ല, പ്രിയപ്പെട്ട അതിഥികളായാണ് എല്ലാവരെയും സ്വീകരിക്കുകയെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
2018ലെ മഹാപ്രളയത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് ഒന്നര മാസത്തോളം കണിച്ചുകുളങ്ങരയിൽ അഭയം നൽകിയതും അദ്ദേഹം ഓർമിപ്പിച്ചു. അന്ന് സുരക്ഷിതമായ താമസവും ഭക്ഷണവും ചികിത്സയും നൽകി മഹാപ്രളയത്തെ ഒരുമിച്ച് നേരിട്ടതുപോലെ ഇന്നത്തെ പ്രതിസന്ധിയും ഒറ്റക്കെട്ടായി അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് പരമാവധി പിന്തുണ നൽകുമെന്നും ഈ ദുരിതകാലം എത്രയും വേഗം അവസാനിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.