
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴ മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി റാപ്പല്ലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷിന്റെ കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കുടുംബത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ദുരിതാവസ്ഥ കണക്കിലെടുത്ത് അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. രാജേഷിന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായത്. രക്ഷാപ്രവർത്തനത്തിനാവശ്യമായ സാമഗ്രികൾ വാങ്ങുന്നതിനടക്കം കല്ലിയൂർ സർവീസ് സഹകരണ ബാങ്കിലും മറ്റൊരു ബാങ്കിലുമായി 29 ലക്ഷത്തിലധികം രൂപയുടെ വായ്പാ ബാധ്യത കുടുംബത്തിനുണ്ട്. ഈ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.
എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന രണ്ടു കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായും സർക്കാർ ഏറ്റെടുക്കണം. കുടുംബം താമസിക്കുന്ന വീടിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് പുതിയ വീട് നിർമിച്ച് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
മിശ്രവിവാഹിതനായ രാജേഷ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സാഹചര്യത്തിൽ, ഭാര്യക്ക് അർഹമായ സർക്കാർ ജോലി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ നാല് ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിച്ച് എത്രയും വേഗം അനുകൂലമായ തീരുമാനമെടുക്കണമെന്നും കത്തിൽ അഭ്യർഥിച്ചു.
അതേസമയം, തിരുവനന്തപുരം കല്ലിയൂരിലെ രാജേഷിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. ഭാര്യയെയും രണ്ടു മക്കളെയും ആശ്വസിപ്പിക്കുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.
വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ കുടുംബാംഗങ്ങളെയും പ്രതിപക്ഷ നേതാവ് സന്ദർശിച്ച് ആശ്വസിപ്പിച്ചു. കടലിൽ കാണാതായവരെ കണ്ടെത്തുന്നതിന് സമയബന്ധിതമായ നടപടികൾ ഉണ്ടായില്ലെന്ന പരാതിയാണ് കുടുംബാംഗങ്ങളും നാട്ടുകാരും ഉന്നയിച്ചത്. വിഷയം ഇതിനകം തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.