You are currently viewing കേരളത്തിൽ നാളികേര പുനരുദ്ധാരണ പദ്ധതി ഉടൻ ആരംഭിക്കും: മന്ത്രി ടി. സിദ്ദീഖ്

കേരളത്തിൽ നാളികേര പുനരുദ്ധാരണ പദ്ധതി ഉടൻ ആരംഭിക്കും: മന്ത്രി ടി. സിദ്ദീഖ്

കോഴിക്കോട്: കേരളത്തിലെ നാളികേര ഉൽപാദനം വർധിപ്പിക്കുന്നതിനായി നാളികേര പുനരുദ്ധാരണ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കൃഷി വികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി ടി. സിദ്ദീഖ്. വേങ്ങേരി തടമ്പാട്ടുതാഴത്തെ കാർഷിക വിപണന കേന്ദ്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിസ്തൃതിയിൽ നാളികേരം കൃഷി ചെയ്യുന്ന സംസ്ഥാനമായിട്ടും ഉൽപാദനത്തിന്റെ കാര്യത്തിൽ കേരളം പിന്നിലാണ്. ഈ സാഹചര്യം പരിഹരിക്കുന്നതിനായി മികച്ച ഉൽപാദനക്ഷമതയുള്ള തെങ്ങിൻതൈകൾ കർഷകർക്ക് കൈമാറുമെന്ന് മന്ത്രി പറഞ്ഞു. നാളികേര പുനരുദ്ധാരണ പദ്ധതിയുമായി ബന്ധപ്പെട്ട് കർഷക ദിനത്തിൽ പ്രാഥമിക ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 2000 പച്ചക്കറി ചന്തകൾ ആരംഭിക്കാൻ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഓണക്കാലത്തെ വിലവർധന തടയുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.

വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിൽ സ്ഥിരം ജൈവ പച്ചക്കറി ചന്ത ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. വിപണന കേന്ദ്രത്തെ നാളികേരത്തിന്റെ പ്രധാന വിപണന കേന്ദ്രമാക്കി മാറ്റും. മാർക്കറ്റിലെ മാലിന്യ നിർമാർജന സംവിധാനം വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കാർഷിക ആവശ്യങ്ങൾക്കല്ലാതെ മാർക്കറ്റ് ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കൃഷിക്ക് പ്രയോജനപ്പെടുത്തും. വേങ്ങേരി മാർക്കറ്റുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിട്ടുള്ള റിപ്പോർട്ടുകൾ ലഭിച്ചാൽ ഉടൻ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അഡ്വ. കെ. ജയന്ത് എം.എൽ.എ ഉൾപ്പെടെയുള്ളവർ മന്ത്രിയെ അനുഗമിച്ചു.

Leave a Reply