
കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാലവർഷത്തിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടമുണ്ടായ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ നേതൃത്വത്തിലാണ് നാശനഷ്ടങ്ങളുടെ കണക്കെടുപ്പും തുടർ നടപടികളും സംബന്ധിച്ച് യോഗം ചേർന്നത്.

മഴക്കെടുതിയിൽ തകർന്ന റോഡുകൾ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിനൊപ്പം മറ്റ് പൊതുനിർമിതികൾ, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങളും യോഗത്തിൽ വിലയിരുത്തി.
തകർന്ന റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കുന്നതിനുമായി ബന്ധപ്പെട്ട തലങ്ങളിൽ ഇടപെടലുകൾ നടത്തുമെന്നും സജീവ് ജോസഫ് വ്യക്തമാക്കി.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം ഉറപ്പാക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് പ്രധാന പരിഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.