ഊരുകൾക്കൊപ്പം, മനുഷ്യർക്കൊപ്പം; കാടിന്റെ മക്കളുടെ സ്വപ്നങ്ങൾക്ക് തണലായി വനം വകുപ്പ്: ഷിബു ബേബി ജോൺ

പീരുമേട്ടിലെ മന്നാൻ, പാളിയ ഊരുകൾ സന്ദർശിച്ച് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വനം വകുപ്പിന്റെ ‘ഊരുണർവ്’ പദ്ധതിയുടെ ഭാഗമായാണ് മന്ത്രി ആദിവാസി ഊരുകൾ സന്ദർശിച്ചത്.

വനത്തിന്റെ താളത്തിനൊപ്പം പച്ചപ്പിന്റെ മടിത്തട്ടിൽ ജീവിക്കുന്ന ജനങ്ങൾക്കിടയിൽ സന്ദർശനം വേറിട്ട അനുഭവമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഊരുകളിലെ ജനങ്ങളുടെ സ്നേഹവും സ്വീകരണവും ഹൃദയസ്പർശിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ പരമ്പരാഗത സംഗീതവും നൃത്തവും മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വലിയ വിദ്യാഭ്യാസ സ്വപ്നങ്ങളുമായി മുന്നേറുന്ന നിരവധി കുട്ടികൾ ഊരുകളിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തന്നോടൊപ്പം സെൽഫിയെടുക്കാൻ കൗതുകത്തോടെ ഓടിയെത്തിയ ഒൻപതാം ക്ലാസുകാരി ദേവിയെയും മന്ത്രി പോസ്റ്റിൽ പ്രത്യേകം പരാമർശിച്ചു. ഇത്തരം കുട്ടികളുടെ കണ്ണുകളിലെ പ്രതീക്ഷയും സ്വപ്നങ്ങളും സമൂഹത്തിന്റെ ശ്രദ്ധ നേടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കാടിന്റെ മക്കളുടെ ക്ഷേമത്തിനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും വനം വകുപ്പ് ഒപ്പമുണ്ടാകുമെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി. ആദിവാസി സമൂഹങ്ങളുടെ ജീവിതവും ക്ഷേമവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിന്തുണ ഉറപ്പാക്കുകയാണ് ‘ഊരുണർവ്’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.