You are currently viewing കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്റ് പദ്ധതി: ആദ്യഘട്ടത്തിലെ 14 ബസുകൾ സർവീസിലേക്ക്

കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്റ് പദ്ധതി: ആദ്യഘട്ടത്തിലെ 14 ബസുകൾ സർവീസിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനുമായി നടപ്പാക്കുന്ന ബസ് റീഫർബിഷ്‌മെന്റ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. ആദ്യഘട്ടത്തിൽ റീഫർബിഷ്‌മെന്റ് പൂർത്തിയാക്കിയ 14 ബസുകളുടെ ഫ്ലാഗ് ഓഫ് ഓഗസ്റ്റ് 13ന് തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കും.

കാലപ്പഴക്കം വന്നെങ്കിലും സാങ്കേതികമായി മികച്ച രീതിയിൽ പുനരുപയോഗിക്കാവുന്ന ബസുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. വാഹനങ്ങളുടെ വിവിധ ഭാഗങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്തിയാണ് ബസുകൾ സർവീസിന് സജ്ജമാക്കുന്നത്.

നിലവിൽ BS3, BS4 വിഭാഗങ്ങളിൽപ്പെട്ട ബസുകളാണ് റീഫർബിഷ് ചെയ്യുന്നത്. ബസുകളുടെ പുറംഭാഗവും അകത്തളവും നവീകരിക്കുന്നതിനൊപ്പം മെക്കാനിക്കൽ ഘടകങ്ങൾ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, സീറ്റുകൾ, ലൈറ്റിംഗ്, ഫ്ലോർ, വിൻഡോകൾ തുടങ്ങിയവയും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നു.

എഞ്ചിന്റെ പ്രവർത്തനക്ഷമതയ്ക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്. പ്രകടനത്തിൽ കുറവ് കണ്ടെത്തുന്ന എഞ്ചിനുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി റീകണ്ടീഷൻ ചെയ്യുന്നു. ഇത്തരത്തിൽ എഞ്ചിൻ റീകണ്ടീഷനിംഗ് നടത്തിയ ബസുകളിൽ നടത്തിയ മലിനീകരണ പരിശോധനയിൽ പോള്യൂഷൻ ലെവലിൽ ഏകദേശം 80 മുതൽ 85 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയതായി കെഎസ്ആർടിസി അറിയിച്ചു.

നിലവിലുള്ള ബസുകളുടെ ഉപയോഗകാലം വർധിപ്പിക്കുന്നതിനൊപ്പം പുതിയ ബസുകൾ വാങ്ങുന്നതിനോടൊപ്പം നിലവിലുള്ള വാഹനശേഷി കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും പദ്ധതിയിലൂടെ സാധിക്കും. സാങ്കേതികമായി മികച്ച പഴയ ബസുകളെ പുനരുജ്ജീവിപ്പിച്ച് കൂടുതൽ കാലം സർവീസിൽ നിലനിർത്താനും ഇതുവഴി കഴിയും.

റീഫർബിഷ്‌മെന്റ് പൂർത്തിയാക്കിയ ബസുകൾ മെച്ചപ്പെട്ട രൂപത്തിലും യാത്രാസൗകര്യങ്ങളോടെയും നിരത്തിലിറങ്ങുന്നതോടെ കെഎസ്ആർടിസിയുടെ സേവന നിലവാരം ഉയർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ബസ് ഫ്ലീറ്റിന്റെ കാര്യക്ഷമത, വിശ്വാസ്യത, സുരക്ഷ, യാത്രാസൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ് പദ്ധതിയെ കാണുന്നത്.

Leave a Reply