You are currently viewing എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സേവനങ്ങൾ 15 ദിവസത്തിനകം; പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തി മന്ത്രി

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സേവനങ്ങൾ 15 ദിവസത്തിനകം; പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തി മന്ത്രി

എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും രണ്ടുമുതൽ മൂന്നുമാസം വരെ കാലതാമസം നേരിടുന്നുവെന്ന പരാതികളിൽ അടിയന്തര ഇടപെടലുമായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പരാതികളുടെ അടിസ്ഥാനത്തിൽ മന്ത്രി ഇന്ന് പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തി.

പരീക്ഷാഭവനിലെത്തിയ അപേക്ഷകരുടെ പരാതികൾ മന്ത്രി നേരിട്ട് കേട്ടറിഞ്ഞു. പരിശോധനയിൽ സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും രണ്ടുമുതൽ മൂന്നുമാസം വരെ കാലതാമസം ഉണ്ടാകുന്നതായി ബോധ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികൾ അതിവേഗം നടപ്പാക്കാൻ അദ്ദേഹം നിർദേശം നൽകി.

ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ തിരുത്തുന്നതിനായി സ്കൂളുകളിൽ അയച്ച് തിരികെ ലഭിക്കുന്ന നടപടിക്രമമാണ് നിലവിലെ കാലതാമസത്തിന് പ്രധാന കാരണമെന്ന് പരീക്ഷാഭവൻ ജീവനക്കാർ മന്ത്രിയെ അറിയിച്ചു. ഈ നടപടി ഒഴിവാക്കുന്നതിനായി കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനും മന്ത്രി നിർദേശം നൽകി.

പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി പരീക്ഷാഭവന് അടിയന്തരമായി 60 ലാപ്ടോപ്പുകൾ അനുവദിക്കാനും തീരുമാനിച്ചു. അപേക്ഷകൾ ലഭിച്ചാൽ പരമാവധി 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നൽകണമെന്നാണ് മന്ത്രിയുടെ നിർദേശം.

പരീക്ഷാഭവൻ റിസപ്ഷനിലെ ഫോണുകൾ എടുക്കുന്നില്ലെന്ന പരാതിയും പരിശോധനയ്ക്കിടെ നേരിട്ട് ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. അപേക്ഷകർക്ക് ആവശ്യമായ വിവരങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിനായി റിസപ്ഷനിലും സൂപ്രണ്ടുമാർക്കും മൊബൈൽ ഫോൺ സൗകര്യം ഉറപ്പാക്കാൻ നിർദേശം നൽകി.

കൗണ്ടറുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് അപേക്ഷകർക്ക് ദീർഘനേരം ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും പരീക്ഷാഭവൻ സെക്രട്ടറിക്ക് മന്ത്രി കർശന നിർദേശം നൽകി.

നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ നിരീക്ഷിച്ച് റിപ്പോർട്ട് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കർശന മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply