പയ്യന്നൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി ക്ലസ്റ്ററായി പയ്യന്നൂർ നിയോജക മണ്ഡലത്തിലെ കിണറ്മുക്ക് പായം പച്ചക്കറി ക്ലസ്റ്ററിനെ തെരഞ്ഞെടുത്തു. ഏകദേശം 25 കർഷകർ ഉൾപ്പെടുന്ന കൂട്ടായ്മയാണ് കിണറ്മുക്ക് പായം പച്ചക്കറി ക്ലസ്റ്റർ.

ക്ലസ്റ്ററിൽ പയ്യന്നൂർ എംഎൽഎ കുഞ്ഞികൃഷ്ണൻ സന്ദർശനം നടത്തി കർഷകരുമായി സംവദിച്ചു. കൃഷിയെയും കർഷകരെയും നേരിൽ കാണുന്നത് വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് എംഎൽഎ പറഞ്ഞു.

കരിവെള്ളൂർ-പെരളം കൃഷിഭവന്റെ സഹകരണത്തോടെ കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി ഓണക്കാലം മുന്നിൽ കണ്ട് ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തിലും എംഎൽഎ പങ്കെടുത്തു. വിവിധയിനം പച്ചക്കറികളുടെ വിളവെടുപ്പിനും കർഷകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിനും ചടങ്ങ് സാക്ഷിയായി.
പുതിയ ഓണക്കാലത്തെ വരവേൽക്കാൻ നാടും ഒരുങ്ങുകയാണെന്ന് കുഞ്ഞികൃഷ്ണൻ എംഎൽഎ പറഞ്ഞു. ആരോഗ്യകരമായ മനുഷ്യനും ആരോഗ്യകരമായ സമൂഹവും ലക്ഷ്യമിട്ട് ഓരോ വീട്ടിലും ചെറിയ അടുക്കളത്തോട്ടം ഒരുക്കണമെന്നും വിഷരഹിതമായ പച്ചക്കറികൾ വീടുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.