
കോഴിക്കോട്: വിദ്യാർഥികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനായി സംസ്ഥാനത്തെ സ്കൂളുകളിൽ ‘കതിർ’ കാർഷിക ക്ലബ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കൃഷി വികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ആദ്യഘട്ടത്തിൽ 500 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. പിന്നീട് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകുന്ന സംവിധാനം നടപ്പാക്കാനും ആലോചനയുണ്ട്. നോഡൽ അധ്യാപകർ, ബാക്കപ്പ് ടീം, 10,000 രൂപയുടെ സീഡിങ് മണി എന്നിവ ഉൾപ്പെടുത്തിയാണ് ‘കതിർ’ പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു.
കോഴിക്കോട്ട് നടന്ന കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി (എ.ഐ.എഫ്) സംസ്ഥാന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വനിതാ കർഷകരെ ലക്ഷ്യമിട്ട് ‘വനിത സഖി’ എന്ന പേരിൽ പ്രത്യേക പദ്ധതിക്ക് സർക്കാർ രൂപം നൽകിയതായും മന്ത്രി അറിയിച്ചു. ഐക്യരാഷ്ട്രസഭ ഈ വർഷം വനിതാ കർഷക വർഷമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പദ്ധതിക്ക് രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
2020ൽ ആരംഭിച്ച കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, പാക്കിങ്, വിപണനം, കയറ്റുമതി തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് എ.ഐ.എഫ് നിർണായക പങ്കുവഹിക്കുന്നതായി മന്ത്രി പറഞ്ഞു.
2020 മുതൽ കേരളത്തിന് പദ്ധതിയിലൂടെ അനുവദിച്ച തുക 2,520 കോടി രൂപയാണ്. ഇതിൽ 1,734 കോടി രൂപ കേരളം ചെലവഴിച്ചു. ഫണ്ട് കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുന്നതിനായി നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി തുടർനടപടികളുമായി മുന്നോട്ടുപോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.
നിർമിത ബുദ്ധി, ഐ.ഒ.ടി, ഡ്രോണുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന മേഖലയായി കൃഷി മാറിയെന്ന് മന്ത്രി പറഞ്ഞു. അതിനനുസരിച്ച് കർഷകർക്ക് ബാങ്കിങ് പിന്തുണ ഉറപ്പാക്കുകയും കാലാനുസൃതമായ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുകയും ചെയ്യും.
വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങൾ കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സഹകരണ വകുപ്പുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
എ.ഐ.എഫിന്റെ സാധ്യതകൾ കർഷകരിലേക്കും കാർഷിക സംരംഭകരിലേക്കും എത്തിക്കുന്നതിനായി കൃഷിവകുപ്പ് സംഘടിപ്പിച്ച സംസ്ഥാന കോൺക്ലേവിൽ വായ്പാ സൗകര്യങ്ങൾ, ധനസഹായം, സാങ്കേതിക പിന്തുണ, വിപണി സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ വിശദീകരണം നൽകി. സംരംഭകരുടെയും കർഷകരുടെയും സംശയങ്ങൾക്ക് മറുപടിയും നൽകി. പദ്ധതിയിൽ ഉൾപ്പെടുത്തി ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായവും ലഭ്യമാക്കി.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കോവൂർ പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന കോൺക്ലേവിൽ കൃഷിവകുപ്പ്, കേര, എസ്.എം.എ.എം, എ.പി.ഇ.ഡി.എ, ദേശീയ ഹോർട്ടിക്കൾച്ചർ ബോർഡ്, വിവിധ ബാങ്കുകൾ, എ.ഐ.എഫ്-പി.എം.യു എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.
പദ്ധതിയുമായി ബന്ധപ്പെട്ട സംരംഭകർ, ബാങ്കുകൾ, സർക്കാർ ഏജൻസികൾ എന്നിവരുടെ പ്രദർശന സ്റ്റാളുകളും ഒരുക്കിയിരുന്നു. ധനസഹായം, അപേക്ഷാ നടപടിക്രമങ്ങൾ, സാങ്കേതിക മാർഗനിർദേശങ്ങൾ തുടങ്ങിയ വിവരങ്ങൾ സ്റ്റാളുകളിൽ ലഭ്യമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ സിന്ധു, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയ് അലക്സ്, കാനറാ ബാങ്ക് കോഴിക്കോട് സർക്കിൾ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.കെ. സിൻഹ, നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജർ വി. രാകേഷ്, ലീഡ് ഡിസ്ട്രിക്ട് ഓഫീസർ-ആർ.ബി.ഐ വി.ജി. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷക സംരംഭകർക്കും ബാങ്കുകൾക്കുമുള്ള പുരസ്കാരങ്ങളും കർഷകർക്കുള്ള സാങ്ഷൻ ലെറ്ററുകളും മന്ത്രി വിതരണം ചെയ്തു. തുടർന്ന് ചർച്ചയും പദ്ധതിയുടെ വിലയിരുത്തലും നടന്നു.