
തിരുവനന്തപുരം: ചരിത്രപ്രാധാന്യമുള്ളതും നിലവിൽ കടുത്ത മലിനീകരണം നേരിടുന്നതുമായ പാർവതി പുത്തനാർ ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ പൂർണ സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പാർവതി പുത്തനാറിന്റെ സമഗ്ര ശുചീകരണവും പുനരുജ്ജീവനവും സംബന്ധിച്ചാണ് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പദ്ധതിയുടെ ശുചീകരണ-പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ പൂർണമായി ധനസഹായം നൽകുന്നതിനൊപ്പം ആവശ്യമായ മേൽനോട്ടവും വഹിക്കാൻ തയ്യാറാണെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി സമഗ്രമായ പദ്ധതി നിർദേശം സമർപ്പിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ താൻ വ്യക്തിപരമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘പാർവതി പുത്തനാർ സംരക്ഷണ-പുനരുജ്ജീവന പദ്ധതി’ തിരുവനന്തപുരത്തിന്റെ നഗരവികസനത്തിൽ നിർണായകമായ മാറ്റത്തിന് വഴിയൊരുക്കാൻ കഴിയുന്ന പദ്ധതിയാകുമെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. വർഷങ്ങളായി അവഗണിക്കപ്പെട്ടുകിടക്കുന്ന ജലപാതയുടെ പുനരുജ്ജീവനം പരിസ്ഥിതി സംരക്ഷണത്തിനൊപ്പം നഗരത്തിന്റെ വികസനത്തിനും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
‘വികസിത കേരളം’ എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി പാർവതി പുത്തനാറിന്റെ സംരക്ഷണവും പുനരുജ്ജീവനവും തിരുവനന്തപുരത്തിന്റെ വികസനത്തിലെ പ്രധാന നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.