
തിരുവനന്തപുരം: പെരുങ്കടവിള മണ്ണറക്കോണത്ത് പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ ശ്രീകുമാർ കാവല്ലൂർ വളർത്തിയ ‘ഉള്ളി ചുവപ്പൻ’ ഇനത്തിൽപ്പെട്ട മരച്ചീനിയാണ് നാട്ടുകാരുടെ കൗതുകമാകുന്നത്. 20 മാസം പ്രായമായ മരച്ചീനി 12 അടിയിലേറെ ഉയരത്തിൽ വളർന്ന്, ആയിരത്തോളം ശിഖരങ്ങളുമായി പന്തലിച്ച് നിൽക്കുകയാണ്.

വിവിധയിനം കൃഷികൾക്കിടയിൽ കൗതുകത്തിനായി പ്രത്യേക പരിചരണം നൽകിയാണ് ശ്രീകുമാർ ഈ മരച്ചീനി വളർത്തിയത്. എട്ടുമാസം മുതൽ വിളവെടുക്കാൻ കഴിയുന്നതും നല്ല രുചിയും മികച്ച വിളവും ലഭിക്കുന്നതുമാണ് ‘ഉള്ളി ചുവപ്പൻ’ ഇനത്തിന്റെ പ്രത്യേകതയെന്ന് ശ്രീകുമാർ പറയുന്നു.

കഴിഞ്ഞ വർഷം നടന്ന വൈഗ കാർഷിക മേളയിൽ 30 കിലോയോളം ഭാരമുള്ള മരച്ചീനി പ്രദർശിപ്പിച്ചും ശ്രീകുമാർ ശ്രദ്ധ നേടിയിരുന്നു. നിരവധി ജൈവകർഷക പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം, ഇപ്പോഴത്തെ വേറിട്ട മരച്ചീനിയുടെ വളർച്ച സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയമായ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്നതിനായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പാറശ്ശാല നിയോജകമണ്ഡലത്തിന്റെ വികസനത്തിൽ കാർഷിക മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് എംഎൽഎ സി.കെ. ഹരീന്ദ്രൻ പറഞ്ഞു. കർഷകരുടെ അനുഭവസമ്പത്തും പുതിയ പരീക്ഷണങ്ങളും ശാസ്ത്രീയ കൃഷിരീതികളുമായി കൂട്ടിയിണക്കാൻ കഴിഞ്ഞാൽ കാർഷികരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷിയിടങ്ങളിൽ നടക്കുന്ന ഇത്തരം വ്യത്യസ്ത പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിജയകരമായ മാതൃകകൾ കൂടുതൽ കർഷകരിലേക്ക് എത്തിക്കുകയും ചെയ്യേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും എംഎൽഎ പറഞ്ഞു. ശ്രീകുമാറിന്റെ കാർഷിക പരീക്ഷണത്തിന് ആശംസകളും അദ്ദേഹം നേർന്നു.
“നമ്മുടെ മണ്ണും നമ്മുടെ കർഷകരും നമ്മുടെ വലിയ സമ്പത്താണ്. കൃഷിയെ കൂടുതൽ ലാഭകരവും ആധുനികവും അഭിമാനകരവുമായ മേഖലയാക്കി മാറ്റാനുള്ള ശ്രമങ്ങളിൽ കർഷകർക്കൊപ്പം എന്നും ഉണ്ടാകും,” സി.കെ. ഹരീന്ദ്രൻ പറഞ്ഞു.