
കൊല്ലം: സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് വനം, വന്യജീവി–നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ജീവനും ജീവിതവും രാജ്യത്തിനായി സമർപ്പിച്ച അനേകരുടെ ത്യാഗത്തിന്റെ ഫലമായാണ് സ്വാതന്ത്ര്യം നേടിയതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യവും മതേതരത്വവും മഹാവൃക്ഷം പോലെ രാജ്യത്ത് നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിദുരന്തങ്ങൾ വിട്ടൊഴിയാത്ത സാഹചര്യത്തിലും സ്വാതന്ത്ര്യദിനത്തിൽ ദുരന്തങ്ങൾക്കെതിരെ മുൻകരുതൽ സ്വീകരിക്കുകയാണ് നാട്. വന്യമൃഗ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരന്തമുഖങ്ങളിലേക്ക് സ്വമേധയാ രംഗത്തെത്തുന്ന മത്സ്യത്തൊഴിലാളികളിൽ രാജ്യം പ്രതീക്ഷയർപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
രാവിലെ ഒമ്പതിനാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. മൈതാനത്തെത്തിയ മന്ത്രിയെ ജില്ലാ കലക്ടർ ആനി ജൂല തോമസ് സ്വീകരിച്ചു. പൊലീസ്, എക്സൈസ്, വനംവകുപ്പ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി 23 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. ജിഎച്ച്എസ് പൂയപ്പള്ളി, ക്രിസ്തുരാജ് എച്ച്എസ്എസ്, എസ്പിസി കൊല്ലം, ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് എന്നിവയിലെ ബാൻഡ് പ്ലറ്റൂണുകൾ പരേഡിന് മികവേകി.
ജില്ലാ പൊലീസ് ആസ്ഥാനത്തെ റിസർവ് ഇൻസ്പെക്ടർ കെ. മഹേഷ് പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇൻസ്പെക്ടർ വി. ദിനേശായിരുന്നു സെക്കൻഡ് ഇൻ കമാൻഡന്റ്. പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകൾക്ക് മന്ത്രി മെമെന്റോകൾ സമ്മാനിച്ചു. സർക്കാർ ടി.ടി.ഐ. സംഘത്തിന്റെ ദേശീയഗാനാലാപനത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
സിറ്റി പൊലീസ് കമ്മിഷണർ ഹേമലത, റൂറൽ എസ്.പി. ഷാജി സുഗുണൻ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മേയർ എ.കെ. ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, സബ് കലക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി മേയർ ഡോ. കരുമാലിൽ ഉദയ സുകുമാരൻ, എ.ഡി.എം എസ്. സജീദ്, കൊല്ലം തഹസിൽദാർ എ.എസ്. അജിലാൽ തുടങ്ങിയവരും ജില്ലാതല ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
പൂർണമായും ഹരിതച്ചട്ടം പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.