
സംസ്ഥാനത്തെ സ്കൂളുകളിൽ ഇത്തവണ ഓണാഘോഷം കൂടുതൽ നിറപ്പകിട്ടാക്കാൻ വിദ്യാർഥികൾക്ക് യൂണിഫോമിൽ നിന്ന് മാറി ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഓണാഘോഷ ദിനമായ ഓഗസ്റ്റ് 21ന് കുട്ടികളുടെ ആഗ്രഹപ്രകാരം യൂണിഫോം ഒഴിവാക്കി വസ്ത്രം ധരിക്കാൻ അനുമതി നൽകുന്നതിനുള്ള നിർദേശം പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.

“ഓണം കളറാക്കിക്കോളീൻ മക്കളെ” എന്ന കുറിപ്പോടെയാണ് മന്ത്രി ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ഓണാഘോഷ പരിപാടികളിൽ കുട്ടികൾക്ക് സന്തോഷത്തോടെ പങ്കെടുക്കാനും ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗതവും വർണാഭവുമായ വസ്ത്രങ്ങൾ ധരിക്കാനും അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. ഓഗസ്റ്റ് 21ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിവിധ ഓണാഘോഷ പരിപാടികൾ നടക്കും.