
ഓണം പ്രമാണിച്ച് ചെന്നൈ സെൻട്രൽ–കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിവാര ഓണം സ്പെഷ്യൽ ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. ട്രെയിൻ നമ്പർ 06119/06120 ചെന്നൈ സെൻട്രൽ–കൊല്ലം–ചെന്നൈ സെൻട്രൽ ഓണം സ്പെഷ്യൽ ട്രെയിനുകൾക്കാണ് കരുനാഗപ്പള്ളി (KPY), ശാസ്താംകോട്ട (STKT) സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ നമ്പർ 06119 ഓഗസ്റ്റ് 19, 2026 മുതൽ അധിക സ്റ്റോപ്പുകളോടെ സർവീസ് നടത്തും. കരുനാഗപ്പള്ളിയിൽ പുലർച്ചെ 4.58ന് എത്തി 4.59ന് പുറപ്പെടും. ശാസ്താംകോട്ടയിൽ 5.08ന് എത്തി 5.09ന് പുറപ്പെടും.
അതേസമയം കൊല്ലത്ത് നിന്ന് ചെന്നൈ സെൻട്രലിലേക്കുള്ള ട്രെയിൻ നമ്പർ 06120 ഓഗസ്റ്റ് 20, 2026 മുതൽ ഈ സ്റ്റോപ്പുകൾ ഉൾപ്പെടുത്തി സർവീസ് നടത്തും. ശാസ്താംകോട്ടയിൽ രാവിലെ 10.57ന് എത്തി 10.58ന് പുറപ്പെടും. കരുനാഗപ്പള്ളിയിൽ 11.06ന് എത്തി 11.07ന് പുറപ്പെടും.
ഓണം ആഘോഷിക്കാൻ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് പുതിയ സ്റ്റോപ്പുകൾ കൂടുതൽ സൗകര്യമാകും. ഓണം യാത്രകൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് അധിക സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.