You are currently viewing എല്ലാ എംഎൽഎമാർക്കും വാഹനവും പ്രതിമാസം ഒരു ലക്ഷം രൂപയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ പുതിയ പാക്കേജ്

എല്ലാ എംഎൽഎമാർക്കും വാഹനവും പ്രതിമാസം ഒരു ലക്ഷം രൂപയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ പുതിയ പാക്കേജ്

ചെന്നൈ: തമിഴ്നാട്ടിലെ 234 നിയമസഭാംഗങ്ങൾക്കും സർക്കാർ വാഹനം ഉൾപ്പെടെയുള്ള പുതിയ പിന്തുണാ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിൽ ചട്ടം 110 പ്രകാരമുള്ള പ്രസ്താവനയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

ഓരോ എംഎൽഎയ്ക്കും സർക്കാർ വാഹനം അനുവദിക്കുന്നതിനൊപ്പം വാഹനത്തിന്റെ ഡ്രൈവർ ശമ്പളം, ഇന്ധനം, അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകൾക്കായി പ്രതിമാസം 75,000 രൂപയും സെക്രട്ടറി അല്ലെങ്കിൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി 25,000 രൂപയും അനുവദിക്കും. ഇതോടെ ഓരോ എംഎൽഎയ്ക്കും പ്രതിമാസം ഒരു ലക്ഷം രൂപയുടെ അധിക സാമ്പത്തിക പിന്തുണ ലഭിക്കും.

234 എംഎൽഎമാർക്കായി ഈ രണ്ട് അലവൻസുകൾക്കായി മാത്രം പ്രതിമാസം ഏകദേശം 2.34 കോടി രൂപയും പ്രതിവർഷം 28.08 കോടി രൂപയും ചെലവാകും. വാഹനങ്ങൾ വാങ്ങുന്നതിനുള്ള മൂലധനച്ചെലവ് ഇതിൽ ഉൾപ്പെടുന്നില്ല.

പുതിയ എംഎൽഎമാർക്ക് പ്രത്യേകിച്ച് ഈ സൗകര്യങ്ങൾ ഏറെ പ്രയോജനപ്പെടുമെന്ന് വിജയ് പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്തവരും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരുമായ നിരവധി പുതുമുഖങ്ങൾ നിയമസഭയിലെത്തിയിട്ടുണ്ട്. സ്വന്തം മണ്ഡലങ്ങളിൽ സഞ്ചരിച്ച് ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കാനും സർക്കാർ പദ്ധതികളുടെയും വികസനപ്രവർത്തനങ്ങളുടെയും പുരോഗതി പരിശോധിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ജനപ്രതിനിധികളുടെ ചുമതല നിർവഹിക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിഭവങ്ങളുടെ അഭാവം പല എംഎൽഎമാരെയും ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കാട്ടുമന്നാർകോവിൽ എംഎൽഎ എൽ.ഇ. ജ്യോതിമണി നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. പല എംഎൽഎമാർക്കും സ്വന്തം വാഹനമില്ലാത്തതിനാൽ മണ്ഡലപര്യടനവും പരിശോധനകളും പ്രയാസകരമാണെന്നായിരുന്നു പരാതി. മുൻ സർക്കാരുകളുടെ കാലത്തും സമാനമായ ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടി നടപ്പാക്കിയിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

ജനപ്രതിനിധികൾക്ക് ഭരണപരമായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ സഹായിക്കുന്നതിലൂടെ സുതാര്യതയും അഴിമതിരഹിതമായ സേവനവിതരണവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് ആവശ്യമായ നിയമഭേദഗതികളും സർക്കാർ ഉത്തരവുകളും പിന്നീട് പുറപ്പെടുവിക്കും.

എംഎൽഎമാർക്കുള്ള പുതിയ ആനുകൂല്യ പ്രഖ്യാപനത്തിന് നിയമസഭയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഭരണപക്ഷ അംഗങ്ങൾ മേശയടിച്ച് പിന്തുണ അറിയിച്ചു. ജനപ്രതിനിധികൾക്ക് മണ്ഡലങ്ങളിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പാക്കേജിനെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply