You are currently viewing സ്ഥലംമാറ്റത്തിന്റെ പേരിൽ മൂന്ന് പേർ മരിച്ചെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി

സ്ഥലംമാറ്റത്തിന്റെ പേരിൽ മൂന്ന് പേർ മരിച്ചെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ടുവെന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പാണ് ബന്ധപ്പെട്ട സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മെയ് 18നാണ് തങ്ങൾ അധികാരത്തിലെത്തിയത്. എന്നാൽ ബന്ധപ്പെട്ട ട്രാൻസ്ഫർ ഉത്തരവ് മെയ് 12നാണ് വന്നത്. മറ്റൊരു സ്ഥലംമാറ്റം ഒരു കെട്ടിടത്തിന്റെ ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് ജീവനക്കാരനെ മാറ്റിയതുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ വിഷയത്തിൽ കൂടുതൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലംമാറ്റങ്ങൾ കേരളത്തിൽ ആദ്യമായി നടക്കുന്നതല്ലെന്നും മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്രൂരമായ സ്ഥലംമാറ്റങ്ങൾ നടന്നിട്ടുണ്ടെന്നും സതീശൻ ആരോപിച്ചു. രാഷ്ട്രീയമായി ഇടപെട്ട് ഭാര്യയെ തിരുവനന്തപുരത്തും ഭർത്താവിനെ കാസർഗോഡും നിയമിച്ച സംഭവങ്ങൾക്കുപോലും ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു സർക്കാർ മാറി മറ്റൊരു സർക്കാർ അധികാരത്തിലെത്തുമ്പോൾ സ്വാഭാവികമായും ചില സ്ഥലംമാറ്റങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്തരം സ്ഥലംമാറ്റങ്ങളാണ് ആത്മഹത്യകൾക്ക് കാരണമായതെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply