You are currently viewing എസ്‌എഫ്‌ഐ പ്രതിഷേധം ഭയന്ന് കാലടി കോളേജ് പരിപാടിയിൽനിന്ന് പിന്മാറിയെന്ന പ്രചാരണം അടിസ്ഥാനരഹിതം: റോജി എം. ജോൺ

എസ്‌എഫ്‌ഐ പ്രതിഷേധം ഭയന്ന് കാലടി കോളേജ് പരിപാടിയിൽനിന്ന് പിന്മാറിയെന്ന പ്രചാരണം അടിസ്ഥാനരഹിതം: റോജി എം. ജോൺ

കൊച്ചി: എസ്‌എഫ്‌ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കര കോളേജിലെ പരിപാടിയിൽനിന്ന് പിന്മാറിയെന്ന പ്രചാരണം തള്ളി മന്ത്രി റോജി എം. ജോൺ. ഇത്തരം പ്രചാരണങ്ങൾ കേൾക്കുമ്പോൾ ചിരിക്കാതിരിക്കാനാവില്ലെന്നും രാഷ്ട്രീയ ബോധമില്ലാത്തവരാണ് വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

മഹാരാജാസ് കോളേജിൽ എസ്‌എഫ്‌ഐ പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ തുടർന്നാണ് പറയാനുള്ള കാര്യങ്ങൾ പറഞ്ഞ് മടങ്ങിയതെന്ന് റോജി എം. ജോൺ വ്യക്തമാക്കി. അതിനുശേഷം കല്യാശ്ശേരിയിലെ മാടായി കോളേജ്, പയ്യന്നൂർ കോളേജ് എന്നിവയുൾപ്പെടെ കേരളത്തിലുടനീളമുള്ള നിരവധി കോളേജുകളിലെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പലയിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായെങ്കിലും പ്രതിഷേധക്കാരോട് തനിക്ക് അസഹിഷ്ണുതയില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിഷേധങ്ങളോട് ‘It is well taken’ എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാജാസിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും പോകാൻ ഭയമില്ലാത്ത തനിക്ക് സ്വന്തം മണ്ഡലമായ അങ്കമാലിയിലെ കാലടി ശ്രീശങ്കര കോളേജിൽ പോകാൻ പേടിയുണ്ടാകുമെന്ന് പറയുന്നത് രാഷ്ട്രീയബോധമില്ലായ്മയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏഴ് വർഷമായി കെ.എസ്.യു ഒറ്റയ്ക്ക് ഭരിക്കുന്ന കോളേജാണ് കാലടി ശ്രീശങ്കര കോളേജെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാജപ്രചാരണങ്ങൾ നടത്തുന്നവരോട് ക്ലാസുകളിൽ പോയി പഠിക്കാനാണ് മന്ത്രിയുടെ പരിഹാസരൂപത്തിലുള്ള മറുപടി. ‘GO TO YOUR CLASSES’ എന്ന വാക്കുകളോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

Leave a Reply