You are currently viewing ചങ്ങനാശ്ശേരി, തിരുവല്ല മണ്ഡലങ്ങളിലെ ജലവിഭവ പദ്ധതികൾ: സമഗ്ര അവലോകന യോഗം ചേർന്നു

ചങ്ങനാശ്ശേരി, തിരുവല്ല മണ്ഡലങ്ങളിലെ ജലവിഭവ പദ്ധതികൾ: സമഗ്ര അവലോകന യോഗം ചേർന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി, തിരുവല്ല നിയോജകമണ്ഡലങ്ങളിലെ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സമഗ്ര അവലോകന യോഗം ചേർന്നു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബും ജലവിഭവ വകുപ്പ് സെക്രട്ടറി, വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

മണ്ഡലങ്ങളിലെ കുടിവെള്ളക്ഷാമം, വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ, വിവിധ നിർമ്മാണ പ്രവൃത്തികളിലെ കാലതാമസം എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. വാട്ടർ അതോറിറ്റി, മേജർ-മൈനർ ഇറിഗേഷൻ, കുട്ടനാട് പാക്കേജ് എന്നിവയിൽ ഉൾപ്പെട്ട വിവിധ പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി.

തോടുകളിലെ പോള നീക്കം ചെയ്യൽ ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾ കാര്യക്ഷമമായി പൂർത്തിയാക്കാനും അടിയന്തര പ്രാധാന്യമുള്ള പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി. പദ്ധതികളുടെ നിർവഹണത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ പരിഹരിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

ചങ്ങനാശ്ശേരി, തിരുവല്ല മണ്ഡലങ്ങളിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ളക്ഷാമത്തിനും വെള്ളപ്പൊക്ക പ്രശ്നങ്ങൾക്കും അടിയന്തര പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എംഎൽഎ വിനു ജോബ് അറിയിച്ചു.

മണ്ഡലങ്ങളിലെ ജലവിഭവ മേഖലയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും കുടിവെള്ള-വെള്ളപ്പൊക്ക പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരം കണ്ടെത്തുന്നതിനും യോഗം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply