
തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവിൽ കാറിൽ എംഡിഎംഎ കടത്തിയ അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓണം പ്രമാണിച്ച് ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസ് വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഈഞ്ചക്കൽ സ്വദേശി കിരൺ (33), ഇയാളുടെ അമ്മ ബീന (50), സുഹൃത്തായ ചാല സ്വദേശി അക്ഷയ് എ.എസ്. നായർ (26), തമിഴ്നാട് തിരുനെൽവേലി സ്വദേശി സന്ധ്യ (18) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് 125 ഗ്രാം എംഡിഎംഎ, 10,500 രൂപ, മൊബൈൽ ഫോണുകൾ എന്നിവ എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടിച്ചെടുത്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപം ആറാലുംമൂട്ടിൽ വച്ചാണ് സംഘം സഞ്ചരിച്ച കാർ തടഞ്ഞ് പരിശോധന നടത്തിയത്.
ബംഗളൂരുവിൽ നിന്ന് തുണികൾ വാങ്ങാൻ പോകുകയാണെന്ന വ്യാജേനയാണ് സംഘം കാറിൽ യാത്ര ചെയ്തിരുന്നതെന്ന് എക്സൈസ് അറിയിച്ചു. പരിശോധനയിൽ സംശയം തോന്നാതിരിക്കാൻ കിരണിന്റെ ആദ്യവിവാഹത്തിലെ മൂന്ന് വയസ്സുള്ള മകളെയും യാത്രയിൽ ഒപ്പം കൂട്ടിയിരുന്നു.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.