You are currently viewing എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രിജേഷിന്റെ വേർപാട്; ഹൃദയസ്പർശിയായ കുറിപ്പുമായി എം.ബി. രാജേഷ്

എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രിജേഷിന്റെ വേർപാട്; ഹൃദയസ്പർശിയായ കുറിപ്പുമായി എം.ബി. രാജേഷ്

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും വേദനയും നേരിടുന്ന നാളുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് മുൻ മന്ത്രിയും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ എം.ബി. രാജേഷ്. തന്റെ ഇളയ സഹോദരൻ എം.ബി. ബ്രിജേഷ് അകാലത്തിൽ വിടപറഞ്ഞിട്ട് ഒരാഴ്ചയായ പശ്ചാത്തലത്തിലാണ് രാജേഷ് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.

ജൂലൈ 22ന് രാത്രിയിൽ വയറുവേദനയെ തുടർന്ന് വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രിജേഷിന് പാൻക്രിയാസിലെ അണുബാധ കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്കിടെ വയറുവേദന ശമിച്ചെങ്കിലും പിന്നീട് ശ്വാസതടസ്സം അനുഭവപ്പെട്ടു. ശ്വാസകോശത്തിൽ ഗുരുതരമായ അണുബാധ ഉണ്ടായിരുന്നെങ്കിലും തുടക്കത്തിൽ അത് കണ്ടെത്താനായില്ലെന്നാണ് രാജേഷ് കുറിപ്പിൽ പറയുന്നത്.

തുടർന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓക്സിജൻ നില താഴുകയും ആംബുലൻസിൽ വെച്ച് ഹൃദയാഘാതമുണ്ടായി ബ്രിജേഷ് അബോധാവസ്ഥയിലാകുകയും ചെയ്തു. തുടർന്ന് തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ശ്വാസകോശത്തിലെ അണുബാധ ഗുരുതരമാണെന്ന് കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന ബ്രിജേഷിനെ ECMO സഹായത്തോടെ ജൂലൈ 25ന് പുലർച്ചെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി.

മൂന്നു ദിവസത്തിനുള്ളിൽ ആരോഗ്യനിലയിൽ പുരോഗതി കണ്ടുതുടങ്ങി. ശരീരത്തിലെ അണുബാധയുടെ അളവ് കുറഞ്ഞു. ബാക്ടീരിയ, ഫംഗസ് അണുബാധകളുടെ വെല്ലുവിളികളും അതിജീവിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പ്രവർത്തനരഹിതമായിരുന്ന അവയവങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തി. ഓഗസ്റ്റ് ഒന്നിന് ബ്രിജേഷ് കണ്ണുതുറന്നു. പത്തുദിവസത്തിനുള്ളിൽ ശ്വാസകോശത്തിലെ അണുബാധ മാറിയത് ‘മിറക്കിൾ’ ആണെന്ന് ഡോക്ടർ പറഞ്ഞതായും രാജേഷ് കുറിച്ചു.

ഓഗസ്റ്റ് നാലിന് ECMO സഹായം ഒഴിവാക്കാൻ കഴിയുന്ന വിധം ആരോഗ്യനില മെച്ചപ്പെട്ടു. പിന്നാലെ വെന്റിലേറ്ററും ഒഴിവാക്കി സ്വയം ശ്വസിക്കാൻ തുടങ്ങി. രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, ക്രിയാറ്റിനിൻ തുടങ്ങിയ പ്രധാന ആരോഗ്യസൂചകങ്ങളെല്ലാം സ്ഥിരത കൈവരിച്ചു. മുറിയിലേക്ക് മാറ്റാനും ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള തുടർചികിത്സ ആരംഭിക്കാനും തീരുമാനിച്ചു.

എന്നാൽ ഓഗസ്റ്റ് 10ന് രക്തസമ്മർദ്ദത്തിൽ ചെറിയ വ്യതിയാനം കണ്ടതോടെ സ്ഥിതി വീണ്ടും വഷളായി. പിന്നീട് സെക്കൻഡറി ഇൻഫെക്ഷൻ സ്ഥിരീകരിച്ചു. ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ഓഗസ്റ്റ് 12ന് പുലർച്ചെ ബ്രിജേഷിന്റെ ഹൃദയമിടിപ്പ് നിലച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലാത്ത ബ്രിജേഷിനെ 49-ാം വയസ്സിലാണ് മരണം കവർന്നതെന്ന് രാജേഷ് വേദനയോടെ കുറിച്ചു.

കുട്ടിക്കാലം മുതൽ ബ്രിജേഷ് തന്റെ നിഴലായി കൂടെയുണ്ടായിരുന്നുവെന്ന് രാജേഷ് ഓർത്തെടുത്തു. ക്രിക്കറ്റും ഫുട്ബോളും കളിക്കുന്നിടങ്ങളിലും കോളേജ് കാലത്ത് എസ്.എഫ്.ഐ പ്രവർത്തനങ്ങളിലും സഹോദരൻ ഒപ്പമുണ്ടായിരുന്നു. ലോകകപ്പ് ഫുട്ബോളും ക്രിക്കറ്റും സംബന്ധിച്ച ടീമുകളുടെയും കളിക്കാരുടെയും സ്ഥിതിവിവരക്കണക്കുകളുടെയും കുറിപ്പുകൾ സൂക്ഷിച്ചിരുന്ന ബ്രിജേഷിന് സ്പോർട്സ് ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ മാഗസിൻ എഡിറ്ററായും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയംഗമായും ബ്രിജേഷ് പ്രവർത്തിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം സംഘടനാപ്രവർത്തനം ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിച്ചു. പിന്നീട് സലാലയിലെത്തി ബിസിനസ് രംഗത്തും സജീവമായി.

മാനവികതയുടെ രാഷ്ട്രീയം ആഴത്തിൽ ഉൾക്കൊണ്ട വ്യക്തിയായിരുന്നു ബ്രിജേഷെന്നും രാജേഷ് പറഞ്ഞു. മരണശേഷം അവയവങ്ങൾ ദാനം ചെയ്യാനും ശരീരം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അണുബാധയെ തുടർന്ന് അവയവദാനം സാധ്യമായില്ല.

സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന പ്രകൃതമായിരുന്നു ബ്രിജേഷിന്റേത്. അഞ്ച് ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹം നിരവധി രാജ്യങ്ങൾ സന്ദർശിക്കുകയും ആഫ്രിക്കയിൽ ഉൾപ്പെടെ സംരംഭ ആശയങ്ങൾ യാഥാർഥ്യമാക്കുകയും ചെയ്തു. അതേസമയം, വീട്ടിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരനുമായിരുന്നു.

ബ്രിജേഷിന്റെ ചികിത്സയ്ക്കിടെ ഒപ്പമുണ്ടായ ഡോക്ടർമാർ, നഴ്‌സുമാർ, ആശുപത്രി ജീവനക്കാർ, രക്തം നൽകിയ എറണാകുളത്തെ സഖാക്കൾ, ആശുപത്രിയിൽ പിന്തുണ നൽകിയവർ, മരണശേഷം വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചവർ, രാഷ്ട്രീയഭേദമന്യേ സ്നേഹവും സൗഹൃദവും പങ്കുവെച്ചവർ, ഫോൺ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും അനുശോചനം അറിയിച്ചവർ തുടങ്ങി എല്ലാവർക്കും രാജേഷ് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

ബ്രിജേഷിന്റെ ഉജ്ജ്വലമായ ഓർമ്മകൾക്ക് മുന്നിൽ സഹോദരൻ, സഖാവ് എന്നീ നിലകളിൽ ലാൽസലാം അർപ്പിക്കുന്നതായും എം.ബി. രാജേഷ് കുറിപ്പിന്റെ അവസാനം പറഞ്ഞു.

Leave a Reply