You are currently viewing മോദിക്കെതിരായ അധിക്ഷേപ പരാമർശം; ബിഗ് ബോസ് താരം ജാൻമണി ദാസ് അറസ്റ്റിൽ

മോദിക്കെതിരായ അധിക്ഷേപ പരാമർശം; ബിഗ് ബോസ് താരം ജാൻമണി ദാസ് അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ താരവുമായ ജാൻമണി ദാസിനെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവും മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസ് നൽകിയ പരാതിയിലാണ് നടപടി.

ഡൽഹിയിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിൽ ജാൻമണി സംസാരിച്ചുവെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഭാരതീയ ന്യായ സംഹിതയിലെ (BNS) 192, 356(2) വകുപ്പുകൾക്കും കേരള പൊലീസ് ആക്ടിലെ 120(ഒ) വകുപ്പിനുമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാൻമണിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് വിവരം.

തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മലയാളം കൈകാര്യം ചെയ്യുന്നതിലെ പരിമിതികൾ മൂലം പിഴവ് സംഭവിച്ചതാണെന്നും ജാൻമണി നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.

എന്നാൽ ജാൻമണിയുടെ മാപ്പ് മഹിളാ മോർച്ച തള്ളിക്കളഞ്ഞു. ഇത് വെറുമൊരു ഭാഷാപരമായ പിഴവല്ലെന്നും ബോധപൂർവമുള്ള അധിക്ഷേപമാണെന്നും ആരോപിച്ചാണ് നിയമനടപടികളുമായി മുന്നോട്ടുപോയത്.

Leave a Reply