
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത പച്ചക്കള്ളമാണെന്ന് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വാർത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎംആറിൽ നിന്ന് വീണ വിജയന് സേവനത്തിനായി ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ ഫോണിൽ വിശദീകരണം തേടിയെന്നുമുള്ള മലയാള മനോരമയുടെ വാർത്ത വസ്തുതാവിരുദ്ധമാണെന്നാണ് റിയാസിന്റെ ആരോപണം.
ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്നലെ തന്നെ മാധ്യമങ്ങൾക്ക് വിശദമായി മറുപടി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചിത്രം മുൻനിർത്തി ഇന്ന് മലയാള മനോരമയുടെ ഫ്രണ്ട് പേജിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുകയെന്നും റിയാസ് വ്യക്തമാക്കി.
അന്വേഷണം നടക്കുന്നതിനാലും വിഷയത്തെ നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും പുറത്തുവരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അതിനാൽ ആത്മവിശ്വാസത്തോടെയും നിയമപരമായി വിഷയത്തെ നേരിടാനാകുമെന്ന ഉറച്ച ബോധ്യത്തോടെയുമാണ് മുന്നോട്ടുപോകുന്നതെന്നും റിയാസ് വ്യക്തമാക്കി. വിഷയത്തിന്റെ രാഷ്ട്രീയ വശങ്ങൾ പാർട്ടിയും താനും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.