You are currently viewing ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിനുകൾ

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിനുകൾ

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ പ്രധാന സ്റ്റേഷനുകളിൽ ഈ പ്രത്യേക ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ഓണക്കാലത്ത് അധിക ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ന്യൂഡൽഹിയിൽ റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മണ്ഡലത്തിലെ നിരവധി യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും അധിക സർവീസുകൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ തുടർച്ചയായാണ് മൂന്ന് പ്രത്യേക സർവീസുകൾ കൂടി അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

യശ്വന്ത്പൂർ–തിരുവനന്തപുരം നോർത്ത് പ്രത്യേക ട്രെയിൻ

06573/06574 — യശ്വന്ത്പൂർ ജംഗ്ഷൻ–തിരുവനന്തപുരം നോർത്ത്–യശ്വന്ത്പൂർ ജംഗ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ സർവീസ് ഓഗസ്റ്റ് 21, 22 തീയതികളിലാണ്.

ഓഗസ്റ്റ് 21ന് യശ്വന്ത്പൂർ ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പുറപ്പെടുന്ന ട്രെയിൻ ചങ്ങനാശ്ശേരിയിൽ രാവിലെ 10.04 മുതൽ 10.05 വരെ, ചെങ്ങന്നൂരിൽ 10.25 മുതൽ 10.26 വരെ, മാവേലിക്കരയിൽ 10.37 മുതൽ 10.38 വരെ, ശാസ്താംകോട്ടയിൽ 11.13 മുതൽ 11.14 വരെ നിർത്തും.

ഓഗസ്റ്റ് 22ന് തിരുവനന്തപുരം നോർത്തിൽ നിന്ന് യശ്വന്ത്പൂർ ജംഗ്ഷനിലേക്ക് മടങ്ങുന്ന ട്രെയിൻ ശാസ്താംകോട്ടയിൽ വൈകിട്ട് 4.32 മുതൽ 4.33 വരെ, മാവേലിക്കരയിൽ 5.06 മുതൽ 5.07 വരെ, ചെങ്ങന്നൂരിൽ 5.18 മുതൽ 5.20 വരെ, ചങ്ങനാശ്ശേരിയിൽ 5.38 മുതൽ 5.39 വരെ നിർത്തും.

സർ എം. വിശ്വേശ്വരയ്യ ടെർമിനൽ–തിരുവനന്തപുരം നോർത്ത് പ്രത്യേക ട്രെയിൻ

06575/06576 — സർ എം. വിശ്വേശ്വരയ്യ ടെർമിനൽ–തിരുവനന്തപുരം നോർത്ത്–ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 22, 23 തീയതികളിലാണ്.

ഓഗസ്റ്റ് 22ന് സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പോകുന്ന ട്രെയിൻ ചങ്ങനാശ്ശേരിയിൽ രാവിലെ 6.50–6.51, ചെങ്ങന്നൂരിൽ 7.15–7.17, മാവേലിക്കരയിൽ 7.29–7.30, ശാസ്താംകോട്ടയിൽ 8.10–8.11 എന്നീ സമയങ്ങളിൽ നിർത്തും.

ഓഗസ്റ്റ് 23ന് തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു കന്റോൺമെന്റിലേക്ക് മടങ്ങുന്ന ട്രെയിൻ ശാസ്താംകോട്ടയിൽ ഉച്ചയ്ക്ക് 1.58–1.59, മാവേലിക്കരയിൽ 2.33–2.34, ചെങ്ങന്നൂരിൽ 2.43–2.45, ചങ്ങനാശ്ശേരിയിൽ 3.03–3.04 എന്നീ സമയങ്ങളിൽ നിർത്തും.

ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് പ്രത്യേക ട്രെയിൻ

06579/06580 — ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത്–ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 28, 29 തീയതികളിലാണ്.

ഓഗസ്റ്റ് 28ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പുറപ്പെടുന്ന ട്രെയിൻ ചങ്ങനാശ്ശേരിയിൽ രാവിലെ 7.00–7.01, ചെങ്ങന്നൂരിൽ 7.25–7.27, മാവേലിക്കരയിൽ 7.39–7.40, ശാസ്താംകോട്ടയിൽ 8.20–8.21 എന്നീ സമയങ്ങളിൽ നിർത്തും.

ഓഗസ്റ്റ് 29ന് തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു കന്റോൺമെന്റിലേക്ക് മടങ്ങുന്ന ട്രെയിൻ ശാസ്താംകോട്ടയിൽ ഉച്ചയ്ക്ക് 1.58–1.59, മാവേലിക്കരയിൽ 2.33–2.34, ചെങ്ങന്നൂരിൽ 2.43–2.45, ചങ്ങനാശ്ശേരിയിൽ 3.03–3.04 എന്നീ സമയങ്ങളിൽ നിർത്തും.

ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽനിന്ന് ഓണത്തിന് നാട്ടിലേക്ക് എത്തുന്നവർക്കും ഓണാവധിക്ക് ശേഷം തിരിച്ചുപോകുന്നവർക്കും മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകളും വലിയ ആശ്വാസമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Leave a Reply