
ജമ്മു കശ്മീരിലെ റിയാസിയിൽ ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് ബ്രിഡ്ജിലൂടെ വന്ദേ ഭാരത് ട്രെയിൻ മണിക്കൂറിൽ ഏകദേശം 100 കിലോമീറ്റർ വേഗതയിൽ ആദ്യമായി സഞ്ചരിച്ചു. പാലത്തിലൂടെ ചുവന്ന നിറത്തിലുള്ള വന്ദേ ഭാരത് കടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

നദീതടത്തിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്. പാരീസിലെ ഐഫൽ ടവറിനേക്കാൾ ഉയരമുള്ള ഈ സ്റ്റീൽ ആർച്ച് പാലം ജമ്മു-കശ്മീരിലെ റെയിൽ അടിസ്ഥാനസൗകര്യത്തിലെ നിർണായക നേട്ടങ്ങളിലൊന്നാണ്.
കത്ര-ബനിഹാൽ റെയിൽ പാതയുടെ ഭാഗമായ പാലത്തിലൂടെ ട്രെയിനുകളുടെ പരമാവധി അനുവദനീയ വേഗത അടുത്തിടെ റെയിൽവേ മന്ത്രാലയം മണിക്കൂറിൽ 75-85 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വന്ദേ ഭാരത് ഏകദേശം 100 കിലോമീറ്റർ വേഗത കൈവരിച്ചത്.
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമായി നിർമിച്ച ഈ പാത ജമ്മുവിനെയും കശ്മീർ താഴ്‌വരയെയും തമ്മിൽ കൂടുതൽ വേഗത്തിൽ ബന്ധിപ്പിക്കുന്നതിൽ നിർണായകമാണ്. 2025-ൽ ചെനാബ് പാലം ഉൾപ്പെടെയുള്ള പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ കശ്മീർ താഴ്‌വരയിലേക്കുള്ള റെയിൽ യാത്രാ സമയം കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്.
ചെനാബ് പാലത്തിലൂടെയുള്ള വന്ദേ ഭാരതിന്റെ ഉയർന്ന വേഗതയിലുള്ള പരീക്ഷണം ജമ്മു-കശ്മീരിലെ ആധുനിക റെയിൽ ഗതാഗതത്തിന്റെ പുതിയ അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്.