
ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ. 01463/01464 ലോകമാന്യ തിലക് ടെർമിനസ്–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ എന്ന പേരിലാണ് സർവീസ് നടത്തുക.

ട്രെയിൻ നമ്പർ 01463 ഓഗസ്റ്റ് 23 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 24 തിങ്കളാഴ്ച രാത്രി 11.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.
ട്രെയിൻ നമ്പർ 01464 ഓഗസ്റ്റ് 29 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 31 തിങ്കളാഴ്ച പുലർച്ചെ 12.55ന് ലോകമാന്യ തിലക് ടെർമിനസിൽ എത്തും.
താനെ, പൻവേൽ, പെൻ, റോഹ, ചിപ്ലൂൺ, രത്നഗിരി, കാങ്കാവ്ലി, കുദാൽ, സാവന്ത്‌വാടി റോഡ്, തിവിം, കർമാലി, മഡ്ഗാവ്, കാർവാർ, കുമ്ത, മുർദേശ്വർ, ബൈന്ദൂർ, കുന്ദാപുര, ഉഡുപ്പി, മംഗളൂരു ജങ്ഷൻ, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജങ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജങ്ഷൻ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം ജങ്ഷൻ, വർക്കല ശിവഗിരി എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
01463-ാം നമ്പർ ട്രെയിനിലേക്കുള്ള ബുക്കിങ് ഓഗസ്റ്റ് 22 മുതൽ ആരംഭിക്കും. എല്ലാ പിആർഎസ് കേന്ദ്രങ്ങൾ വഴിയും ഐആർസിടിസി വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേയുടെ റെയിൽവൺ ആപ്പ് വഴിയും ടിക്കറ്റ് ബുക്കിങ് സൗകര്യമുണ്ടാകും. റിസർവ് ചെയ്യാത്ത കോച്ചുകളിലേക്കുള്ള ടിക്കറ്റുകൾ സാധാരണ നിരക്കിൽ യുടിഎസ് സംവിധാനം വഴിയും ലഭിക്കും.