
കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് റാക്കറ്റെന്ന് എക്സൈസ് വകുപ്പ് വിശേഷിപ്പിച്ച സംഘത്തെ പിടികൂടി. ‘കെബി കാർട്ടൽ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സംഘത്തിലെ ഒമ്പത് പേരെയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.

പ്രതികൾ പ്രതിമാസം അഞ്ച് മുതൽ 20 കിലോഗ്രാം വരെ എംഡിഎംഎ കേരളത്തിലേക്ക് കടത്താൻ പദ്ധതിയിട്ടിരുന്നതായാണ് എക്സൈസ് കണ്ടെത്തൽ. എക്സൈസ് വകുപ്പിന്റെ സമഗ്ര ലഹരിവിരുദ്ധ ക്യാംപെയിനായ ‘മയങ്ങില്ല കേരള’യുടെ ഭാഗമായി ആരംഭിച്ച ‘ഓപ്പറേഷൻ തണ്ടർ’ വഴിയാണ് നിർണായക നടപടി.
വ്യാഴാഴ്ച രാത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ എക്സൈസ് മന്ത്രി എം. ലിജു ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് വലിയ റാക്കറ്റിന്റെ പ്രവർത്തനം പുറത്തുവന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ഒളവണ്ണ ടോൾ പ്ലാസയ്ക്ക് സമീപം ദേശീയപാത 66ൽ നടത്തിയ പരിശോധനയിലാണ് കേസിന്റെ തുടക്കം. താമരശ്ശേരി സ്വദേശിനിയായ 20കാരിയെയും കൊണ്ടോട്ടി സ്വദേശിയായ യുവാവിനെയും ഇവിടെനിന്ന് പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് 3.5 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് സംസ്ഥാനത്തേക്ക് വലിയ തോതിൽ സിന്തറ്റിക് ലഹരിമരുന്ന് എത്തിക്കാൻ ലക്ഷ്യമിട്ട ‘കെബി കാർട്ടൽ’ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.