
കാഠ്മണ്ഡു: ടിബറ്റിനോട് ചേർന്ന നേപ്പാളിലെ റസുവ ജില്ലയിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ 400ഓളം പേരെ കാണാതായതായി റിപ്പോർട്ട്. കാണാതായവരിൽ 105 ഇന്ത്യക്കാരും 37 എൻആർഐകളും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം. കൈലാസ്–മാനസരോവർ തീർഥാടനത്തിന് ഭോട്ടെ കോശി നദി വഴിയുള്ള യാത്രയിലായിരുന്നവരിൽ പലരും പ്രളയത്തിൽപ്പെട്ടതായാണ് വിവരം.

ഓഗസ്റ്റ് 26ന് പുലർച്ചെയുണ്ടായ അപ്രതീക്ഷിത ജലപ്രവാഹം നിരവധി ജനവാസകേന്ദ്രങ്ങളിൽ നാശനഷ്ടമുണ്ടാക്കി. റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒലിച്ചുപോയതായും റിപ്പോർട്ടുണ്ട്. മേഖലയിലെ കുറഞ്ഞത് 12 ജലവൈദ്യുത പദ്ധതികളെയും പ്രളയം ബാധിച്ചു.
സംഭവത്തിൽ നാല് പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഉൾപ്പെടെ കാണാതായവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്.
കൈലാസ്–മാനസരോവർ യാത്രയുടെ പ്രധാന പാതകളിലൊന്നായ ഭോട്ടെ കോശി നദീതടത്തിൽ പെട്ടെന്നുണ്ടായ ജലനിരപ്പുയർച്ചയാണ് വ്യാപക നാശത്തിന് കാരണമായത്. രക്ഷാപ്രവർത്തനങ്ങളും കാണാതായവർക്കായുള്ള തിരച്ചിലും തുടരുകയാണ്.