You are currently viewing ദുബൈയിലെ പ്രമുഖ മലയാളി ഡോക്ടർ മേരി ജോൺ അന്തരിച്ചു

ദുബൈയിലെ പ്രമുഖ മലയാളി ഡോക്ടർ മേരി ജോൺ അന്തരിച്ചു

ദുബൈയിൽ മൂന്ന് പതിറ്റാണ്ടോളം പ്രസവ-സ്ത്രീരോഗ വിദഗ്ധയായി സേവനമനുഷ്ഠിച്ച പ്രമുഖ മലയാളി ഡോക്ടർ മേരി ജോൺ (81) അമേരിക്കയിൽ അന്തരിച്ചു. ഓഗസ്റ്റ് 21ന് യു.എസിലെ സ്പ്രിങ്ഫീൽഡിലായിരുന്നു അന്ത്യം. ദുബൈയിൽ മൂവായിരത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് നേതൃത്വം നൽകിയ ഡോക്ടറുടെ വിയോഗത്തിൽ ദുബൈയിലെ ആരോഗ്യ മേഖലയും പ്രവാസി സമൂഹവും അനുശോചിച്ചു.

സ്നേഹപൂർവം ‘ഗിർലി’ എന്ന് വിളിക്കപ്പെട്ടിരുന്ന ഡോ. മേരി ജോൺ 1987ലാണ് ദുബൈ ഹോസ്പിറ്റലിൽ സേവനം ആരംഭിച്ചത്. 1992ൽ ലത്തീഫ ഹോസ്പിറ്റലിലേക്ക് മാറിയ അവർ 1996 മുതൽ 2006 വരെ അവിടുത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായി പ്രവർത്തിച്ചു. 2013 മുതൽ 2016ൽ വിരമിക്കുന്നതുവരെ ദുബൈ ഗൈനക്കോളജി ആൻഡ് ഫെർട്ടിലിറ്റി സെന്ററിന്റെ മേധാവിയായിരുന്നു.

ആധുനിക ലാപ്രോസ്കോപ്പി ചികിത്സാരീതികളും വിവിധ സൂപ്പർ സ്പെഷാലിറ്റികളും ദുബൈയിൽ അവതരിപ്പിക്കുന്നതിൽ ഡോ. മേരി ജോൺ നിർണായക പങ്കുവഹിച്ചു. ദുബൈ മെഡിക്കൽ കോളജിന്റെ അക്കാദമിക് മേധാവിയായും പ്രവർത്തിച്ച അവർ നൂറുകണക്കിന് യുവ ഡോക്ടർമാർക്ക് മാർഗനിർദേശം നൽകി.

രോഗികളോടുള്ള കരുണയും സ്നേഹപൂർവമായ പരിചരണവും ഡോ. മേരി ജോണിനെ സഹപ്രവർത്തകർക്കും രോഗികൾക്കും ഒരുപോലെ പ്രിയങ്കരിയാക്കി. ദുബൈ ഹെൽത്തിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മുനാ തഹ്‌ലാക്ക്, ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് സലീം അൽ ഒലാമ എന്നിവരടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

1945 ജൂൺ 17ന് കേരളത്തിൽ ജനിച്ച ഡോ. മേരി ജോണിന് ആശിഷ്, അനീഷ് എന്നീ രണ്ട് മക്കളുണ്ട്. ദുബൈയിൽനിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറിയ അവർ ന്യൂയോർക്കിലും സേവനം തുടർന്നു.

ദുബൈ മാർത്തോമ ഇടവകയും ഡോ. മേരി ജോണിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ ആറിന് സ്പ്രിങ്ഫീൽഡിലെ മാർത്തോമാ പള്ളിയിൽ നടക്കും.

Leave a Reply