
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും തിരക്കേറിയ ഏഴ് റെയിൽ ഇടനാഴികളിലായി ഏകദേശം 11,000 കിലോമീറ്റർ പാത നാലുവരിയാക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ച വിവരങ്ങളിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.

ഡൽഹി–ഹൗറ, ഹൗറ–ചെന്നൈ, ചെന്നൈ–മുംബൈ, മുംബൈ–ഡൽഹി, ഡൽഹി–ചെന്നൈ, മുംബൈ–ഹൗറ, ഡൽഹി–ഗുവാഹത്തി എന്നീ ഏഴ് ഹൈ-ഡെൻസിറ്റി റൂട്ടുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. രാജ്യത്തെ മൊത്തം റെയിൽ ഗതാഗതത്തിന്റെ ഏകദേശം 41 ശതമാനം കൈകാര്യം ചെയ്യുന്ന ഈ റൂട്ടുകൾ റെയിൽവേ ശൃംഖലയുടെ വെറും 16 ശതമാനം മാത്രമാണ്.
പാതകളുടെ ശേഷി വർധിപ്പിക്കുന്നതിലൂടെ നിലവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കൂടുതൽ യാത്രാ, ചരക്ക് ട്രെയിനുകൾ സർവീസ് നടത്താനും ലക്ഷ്യമിടുന്നു. യാത്രക്കാരുടെയും ചരക്കുകളുടെയും നീക്കം വേഗത്തിലാക്കുന്നതിനൊപ്പം ഗതാഗതച്ചെലവ് കുറയ്ക്കാനും റെയിൽവേയെ കൂടുതൽ പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമാക്കാനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
രാത്രികാല അതിവേഗ സർവീസുകൾ ഉൾപ്പെടെ ഭാവിയിൽ കൂടുതൽ വേഗതയുള്ള ട്രെയിനുകൾ ഓടിക്കാനുള്ള ശേഷി വർധിപ്പിക്കാനും നാലുവരി പാതകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം നിർമാണ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തിരക്കേറിയ റൂട്ടുകളിൽ ശേഷി വർധിപ്പിക്കുന്നതിനൊപ്പം സുരക്ഷാ സാങ്കേതികവിദ്യകളുടെ വ്യാപനത്തിനും റെയിൽവേ ഊന്നൽ നൽകുന്നുണ്ട്. കവച് പോലുള്ള ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സംവിധാനങ്ങൾ ഹൈ-ഡെൻസിറ്റി ഇടനാഴികളിലും നടപ്പാക്കിവരികയാണ്.
പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ പ്രധാന നഗരങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലയുടെ ശേഷിയിൽ വലിയ വർധനവുണ്ടാകുമെന്നും യാത്രാ-ചരക്ക് ഗതാഗതത്തിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനാകുമെന്നും റെയിൽവേ പ്രതീക്ഷിക്കുന്നു.