
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പതിവ് നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായ നീക്കവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഓഗസ്റ്റ് 27ന് ഉച്ചയ്ക്കുശേഷം നടന്ന നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ സമീപം മുഖ്യമന്ത്രിക്കായി നിശ്ചയിച്ചിരുന്ന വിശാലമായ കസേര ഒഴിവാക്കി മന്ത്രിമാർക്കായി മുന്നിലെ നിരയിൽ വിജയ് ഇരുന്നു.

മന്ത്രിമാരായ കെ. എ. സെങ്കോട്ടയ്യന്റെയും ആദവ് അർജുനയുടെയും ഇടയിലാണ് മുഖ്യമന്ത്രി ഇരുന്നത്. മുഖ്യമന്ത്രിക്ക് പ്രത്യേകമായി നിശ്ചയിച്ച ഇരിപ്പിടം ഒഴിവാക്കി മന്ത്രിമാരുടെ നിരയിൽ ഇരുന്ന നടപടി നിയമസഭയിലെ ദീർഘകാല കീഴ്വഴക്കത്തിൽ നിന്നുള്ള വ്യത്യാസമായാണ് വിലയിരുത്തപ്പെടുന്നത്.
2026 മെയ് മാസത്തിൽ തമിഴക വെട്രി കഴകംനയിച്ച സഖ്യത്തിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ വിജയ്, ദശാബ്ദങ്ങളായി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന ഡിഎംകെ–എഐഎഡിഎംകെ ആധിപത്യത്തിന് മാറ്റം വരുത്തിയാണ് മുഖ്യമന്ത്രിയായത്.
നിയമസഭയിൽ മന്ത്രിമാരുടെ നിരയിൽ മുഖ്യമന്ത്രി ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ-സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. ചിലർ വിജയിന്റെ ലളിതവും സമത്വപരവുമായ സമീപനത്തിന്റെ സൂചനയായി ഇതിനെ വിലയിരുത്തിയപ്പോൾ, മറ്റുചിലർ സംഭവത്തെ പരിഹസിച്ചും പ്രതികരിച്ചു.
അതേസമയം, സംസ്ഥാനത്തെ മറ്റ് പ്രധാന വിഷയങ്ങൾക്കിടയിൽ മുഖ്യമന്ത്രിയുടെ ഇരിപ്പിടവുമായി ബന്ധപ്പെട്ട സംഭവത്തിന് ലഭിച്ച മാധ്യമശ്രദ്ധയെ ചോദ്യം ചെയ്തുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു.
നിയമസഭാ നടപടികൾക്കിടെ മുഖ്യമന്ത്രി സ്വീകരിച്ച ഈ ചെറിയ നീക്കം വലിയ രാഷ്ട്രീയ പ്രഖ്യാപനമൊന്നുമല്ലെങ്കിലും, വിജയിന്റെ പൊതുചിത്രത്തെയും പുതിയ ഭരണശൈലിയെയും ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.