
തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിൽ കുമാറിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒന്നാം പ്രതിയായാണ് ചേന്തി അനിലിനെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴക്കൂട്ടം ചേന്തിയിലെ ശ്രീനാരായണ സാംസ്‌കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ജയന്തി ആഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഔദ്യോഗിക ഷെഡ്യൂളിൽ ഉൾപ്പെട്ടിരുന്ന പരിപാടിയായിരുന്നില്ല ചേന്തിയിലെ ചടങ്ങ്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയാണ് പ്രതിക്കെതിരെ ചുമത്തിയതെന്നാണ് വിവരം. രാത്രിയോടെ കസ്റ്റഡിയിലെടുത്ത ചേന്തി അനിലിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.
സംഭവത്തെ തുടർന്ന് ചേന്തി അനിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ കെപിസിസി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ വേദിയിലുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചേന്തിയിലെ പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിന്മാറിയതെന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസ് അറിയിച്ചു. പകരം ചെമ്പഴന്തിയിൽ നടന്ന ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.
എന്നാൽ മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരിപാടിയിൽ പങ്കെടുക്കുന്നതിനായി സമയം വാങ്ങിയിരുന്നതായി സംഘാടകർ ആരോപിച്ചു. അവസാന നിമിഷമാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതെന്നും അവർ പറയുന്നു. മുഖ്യമന്ത്രി എത്താതിരുന്നതിൽ പ്രതിഷേധിച്ച് ചേന്തിയിലെ സാംസ്‌കാരിക സമ്മേളനം സംഘാടകർ റദ്ദാക്കിയിരുന്നു.
സംഭവം രാഷ്ട്രീയ വിവാദമായതോടെ പൊലീസ് നടപടിയും മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്നുള്ള പിന്മാറ്റത്തിനുള്ള കാരണവും സംബന്ധിച്ച് വിവിധ രാഷ്ട്രീയ പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ട്.