You are currently viewing മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം: ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം: ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം ശ്രീകാര്യത്ത് തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിൽകുമാറിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരം തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

ചേന്തിയിൽ സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സംഭവം ഉണ്ടായതെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. ചെമ്പഴന്തിയിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ശ്രീകാര്യത്ത് ചേന്തി അനിലിന്റെ നേതൃത്വത്തിൽ തടയുകയും മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആരോപണം. സംഭവത്തെ ഗുരുതരമായ അച്ചടക്ക ലംഘനമായാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തിയത്.

സംഭവത്തിൽ ശ്രീകാര്യം പൊലീസ് ചേന്തി അനിലിനെ അറസ്റ്റ് ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

അതേസമയം, താൻ മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നാണ് ചേന്തി അനിലിന്റെ പ്രതികരണം. പാർട്ടിയിലെ ഗ്രൂപ്പ് തർക്കങ്ങളുടെയും രാഷ്ട്രീയ കളികളുടെയും ഭാഗമായാണ് തനിക്കെതിരായ നടപടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തെ തുടർന്ന് കോൺഗ്രസിനുള്ളിൽ തന്നെ നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി നിർദേശപ്രകാരം ഡിസിസി നേതൃത്വം പുറത്താക്കൽ നടപടി സ്വീകരിച്ചത്.

Leave a Reply