
തിരുവനന്തപുരം: ഇടനിലക്കാരുടെയും അനധികൃത ഏജന്റുമാരുടെയും ചൂഷണം തടയുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ (MVD) 60-ഓളം പരിവാഹൻ സേവനങ്ങളും ആധാർ ഒ.ടി.പി അധിഷ്ഠിതമാക്കുന്നു. 2026 സെപ്റ്റംബർ 21 മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

വാഹന സംബന്ധമായ സേവനങ്ങൾക്കുള്ള വാഹൻ, ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്കുള്ള സാരഥി എന്നീ പോർട്ടലുകളിലൂടെയാണ് MVDയുടെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നത്. നിലവിൽ 21 സേവനങ്ങൾ ഫേസ്ലെസ് സംവിധാനത്തിലൂടെ ലഭ്യമാണ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് അപേക്ഷകർക്ക് ഇവ പൂർണമായും ഓൺലൈനായി പൂർത്തിയാക്കാം.
ശേഷിക്കുന്ന സേവനങ്ങളിൽ കൃത്യമായ ഒ.ടി.പി പരിശോധന ഇല്ലാത്തത് മുതലെടുത്ത് ചില അനധികൃത വ്യക്തികളും ഇടനിലക്കാരും അപേക്ഷകരെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. സമയക്കുറവും അപേക്ഷാ നടപടികളുടെ സങ്കീർണ്ണതയും കാരണം പലരും ഏജന്റുമാരെ ആശ്രയിക്കുന്ന സാഹചര്യമുണ്ട്. അപൂർണ്ണമായ രേഖകൾ അപ്ലോഡ് ചെയ്യുക, അപേക്ഷകൾ ബോധപൂർവം വൈകിപ്പിക്കുക, തുടർന്ന് നടപടികൾ വേഗത്തിലാക്കാമെന്ന് പറഞ്ഞ് അധിക പണം ഈടാക്കുക തുടങ്ങിയ പരാതികളും ലഭിച്ചിട്ടുണ്ട്.
ഇതിന് പരിഹാരമായി ശേഷിക്കുന്ന പരിവാഹൻ സേവനങ്ങളും ഫേസ്ലെസ് ഓൺലൈൻ സേവനങ്ങളാക്കണമെന്ന് MVD, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോടും (NIC) കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും (MoRTH) ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി സോഫ്റ്റ്വെയർ പരിശോധനകൾ പുരോഗമിക്കുകയാണ്.
പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതകൾ
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴിയുള്ള ഒ.ടി.പി ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ First Come First Serve അടിസ്ഥാനത്തിൽ തീർപ്പാക്കും.
വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയൽ പരിശോധന, കാരണം കാണിക്കൽ നോട്ടീസിനെ തുടർന്നുള്ള വ്യക്തിഗത വാദം കേൾക്കൽ തുടങ്ങിയവ ഒഴികെ ഭൂരിഭാഗം സേവനങ്ങൾക്കും ആർ.ടി. ഓഫീസിൽ നേരിട്ട് എത്തേണ്ടതില്ല.
‘നമ്മുടെ കേരളം’ പോർട്ടൽ വഴി വാഹന പരിശോധനയ്ക്കുള്ള സ്ലോട്ടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. വ്യക്തിഗത വാദം കേൾക്കലിനും അനന്തരാവകാശ പരിശോധനയ്ക്കുമുള്ള സ്ലോട്ടുകളും ഇതുവഴി ലഭ്യമാകും.
‘നമ്മുടെ കേരളം’ പോർട്ടലിലെ Vmeet സൗകര്യം ഉപയോഗിച്ച് ആർ.ടി.ഒയ്ക്ക് മുന്നിൽ വീഡിയോ കോളിലൂടെ ഹാജരാകാം.
ഏജന്റുമാരെയോ അനധികൃത ഇടനിലക്കാരെയോ സമീപിക്കേണ്ട സാഹചര്യം ഒഴിവാകും. സഹായം ആവശ്യമുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങൾ, സി.എസ്.സി കേന്ദ്രങ്ങൾ, ആർ.ടി. ഓഫീസുകൾ എന്നിവയുടെ സേവനം ഉപയോഗിക്കാം.
ആധാർ ഒ.ടി.പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രം ആധികാരികത ഉറപ്പാക്കുന്നതിനായി അപേക്ഷകന് ഒരുതവണ ആർ.ടി. ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടി വന്നേക്കാം.
ഓൺലൈൻ അപേക്ഷകളുടെ പ്രിന്റ് ഔട്ടുകൾ ആർ.ടി. ഓഫീസുകളിൽ സമർപ്പിക്കേണ്ടതില്ല.
ലേണേഴ്സ് ലൈസൻസ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്, ഹെവി വെഹിക്കിൾ ബാഡ്ജ് ടെസ്റ്റ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റ് എന്നിവയ്ക്കായി സാരഥി പോർട്ടൽ വഴി സ്ലോട്ട് ബുക്ക് ചെയ്യണം. വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനായി വാഹൻ പോർട്ടൽ വഴി സ്ലോട്ട് ബുക്ക് ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു.
ഇതിന് പുറമെ എല്ലാ ജില്ലകളിലും ഉടൻ Automated Vehicle Testing Stations (ATS) നിലവിൽ വരും. കൊല്ലം, ആലപ്പുഴ ജില്ലകളിലായി മൂന്ന് എ.ടി.എസുകൾ ഇതിനകം പ്രവർത്തനസജ്ജമായിട്ടുണ്ട്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ MVD സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുള്ളതുമാക്കാനും അപേക്ഷകർക്ക് ഇടനിലക്കാരെ ആശ്രയിക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കാനും കഴിയുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.