You are currently viewing തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സുരക്ഷ ഇസഡ്+ൽ നിന്ന് ഇസഡ് കാറ്റഗറിയിലേക്ക് താഴ്ത്തി

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സുരക്ഷ ഇസഡ്+ൽ നിന്ന് ഇസഡ് കാറ്റഗറിയിലേക്ക് താഴ്ത്തി

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സുരക്ഷ ഇസഡ്+ കാറ്റഗറിയിൽ നിന്ന് ഇസഡ് കാറ്റഗറിയിലേക്ക് കുറച്ചതായി റിപ്പോർട്ട്. കോർ സെൽ സെക്യൂരിറ്റി വിങ് നടത്തിയ പതിവ് സുരക്ഷാ അവലോകനത്തിന്റെ ഭാഗമായാണ് നടപടി. ചീഫ് സെക്രട്ടറി, പൊലീസ് ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകനത്തിലാണ് സുരക്ഷാ ക്രമീകരണത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

2021 മുതൽ 2026 മേയ് വരെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിൻ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ പരാജയപ്പെട്ടതിനെ തുടർന്ന് തമിഴക വെട്രി കഴകം നേതാവ് സി. ജോസഫ് വിജയ് മുഖ്യമന്ത്രിയാവുകയും ചെയ്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാക്കളുടെയും മുൻ മുഖ്യമന്ത്രിമാരുടെയും സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാലിന്റെ സുരക്ഷയിലും മാറ്റം വരുത്തിയതെന്നാണ് വിവരം.

ഇസഡ് കാറ്റഗറി സുരക്ഷയിലും സ്റ്റാലിന് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ തുടരും. മുന്നിലും മധ്യഭാഗത്തും പിന്നിലും സുരക്ഷാ സംഘങ്ങൾ ഉൾപ്പെടുന്ന കോൺവോയ് സംവിധാനവും എസ്കോർട്ട് വാഹനങ്ങളും അദ്ദേഹത്തിന് ലഭിക്കും. എന്നാൽ ഇസഡ്+ സുരക്ഷാ കാലയളവിനെ അപേക്ഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും.

സുരക്ഷ ഭീഷണി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആറുമാസത്തിലൊരിക്കൽ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കുന്ന പതിവ് നടപടിയുടെ ഭാഗമായാണ് ഇപ്പോഴത്തെ മാറ്റമെന്നാണ് അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Leave a Reply